കെഎസ്ആർടിസി ബസിന് നേരെ തമിഴ്നാട്ടിലെ ഹൊസൂരിന് സമീപം കല്ലേറ്

ബെംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയിൽ വച്ചായിരുന്നു കല്ലേറ്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡിൽ നിർത്തിയിട്ടു. തുടർന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്തു കിടന്നാണ് യാത്രക്കാർ കല്ലേറിൽ നിന്ന് രക്ഷപ്പെട്ടത്.

പിന്നീട് പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ ബെംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റ് ബസുകളിൽ കൊണ്ടുപോയി. ബസിന്റെ തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ സർവീസ് റദ്ദാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.

Read Previous

ജെല്ലിക്കെട്ടിന് അനുമതി നൽകാത്തതിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് ആയിരങ്ങൾ

Read Next

യുവതാരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു