മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്യുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്യുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം കേസിൽ കക്ഷി ചേരാനുള്ള ഹർജിക്കാരന്‍റെ അപേക്ഷ കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഫൈസലിന്‍റെ അഭിഭാഷകൻ വാദിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് അടിച്ചതെന്നതിനു തെളിവില്ലെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കവരത്തി കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്താണ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ നൽകിയ ഹർജി ഈ മാസം 27ന് സുപ്രീം കോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറപ്പെടുവിക്കുമെന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഹർജിയിൽ മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി സമർപ്പിച്ചത്. വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചത്.

വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷന്‍റെ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. സുപ്രീം കോടതിയുടെ മുൻ വിധികളിൽ ഇക്കാര്യങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു.

K editor

Read Previous

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

Read Next

ഐ എസ് ആർ ഒ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം