ശ്രീജ തീപ്പൊള്ളലേറ്റ് മരിച്ചതിൽ ദുരൂഹത

കാഞ്ഞങ്ങാട്: ഭർതൃമതി വീട്ടുമുറ്റത്ത് തീപ്പൊള്ളലേറ്റു മരണപ്പെട്ടതിൽ ദുരൂഹത.

ഏരോൽ ഞെക്ലിയിലെ സന്തോഷ്കുമാറിന്റെ ഭാര്യ ശ്രീജ 35 പൊള്ളലേറ്റ് മരിച്ചതിലാണ് ദുരൂഹത  ഉയർന്നത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ഞെക്ലിയിലെ  ഭർതൃഗൃഹത്തിലാണ് സംഭവം. മരണം നടന്നത് ഭർത്താവിന്റെ വീട്ടിലാണ്.

സംഭവം നടക്കുമ്പോൾ, ഭർത്താവോ, ഭർത്താവിന്റെ ബന്ധുക്കളോ വീട്ടിലുണ്ടായിരുന്നില്ല.

സ്വന്തം മാതാവായ അറുപത് വയസ്സ് കഴിഞ്ഞ രമണിയും, അനുജത്തി മുഴക്കോത്തെ ലതയും, ലതയുടെ ഭർത്താവുമായിരുന്നു സംഭവ സമയത്ത് ഞെക്ലിയിലെ വീട്ടിലുണ്ടായിരുന്നത്.

കൂലിത്തൊഴിലാളിയായ ശ്രീജയുടെ ഭർത്താവ് ജോലിക്ക് പോയതായിരുന്നു. ഇവർക്ക് മക്കളില്ല. ശ്രീജയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവും സഹോദരിയും ഭർത്താവും മേൽപ്പറമ്പ് പോലീസിന് നൽകിയ മൊഴി ഇപ്രകാരമാണ്. ലത കുളിമുറിയിൽ തന്റെ കുഞ്ഞിനെ കുളിപ്പിക്കുകയായിരുന്നു. ലതയുടെ ഭർത്താവ് വീട്ടിനകത്തും മാതാവ് രമണി വീട്ടുമുറ്റത്ത് കസേരയിലിരിക്കുകയുമായിരുന്നു.

പെട്ടെന്ന് അടുക്കളയിൽ നിന്നും മണ്ണെണ്ണ നിറച്ച കുപ്പിയുമായി മുറ്റത്തേക്ക് ഓടിവന്ന ശ്രീജ, കുപ്പി തുറന്ന് മണ്ണെണ്ണ  മുഖത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

ശ്രീജയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശരീരമാസകലം 80 ശതമാനവും പൊള്ളലേറ്റ ശ്രീജയുടെ ദേഹത്ത് വെള്ളമൊഴിച്ച് തീകെടുത്തിയത്.

പെട്ടെന്ന് നടന്ന സംഭവത്തിന്റെ നടുക്കത്തിൽ കരയുകയായിരുന്നുവെന്നും, ശ്രീജയുടെ ദേഹത്ത് വെള്ളമൊഴിക്കാൻ സാധിച്ചില്ലെന്നും ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കി.

കാസർകോട് സ്വകാര്യാശുപത്രിയിലും  പിന്നീട് മംഗളൂരു ആശുപത്രിയിലുമെത്തിച്ചെങ്കിലും അന്ന് വൈകുന്നേരം മരണം സംഭവിച്ചു.

ശനിയാഴ്ച്ച രാവിലെ 10.30-ന് ശ്രീജ ഭർത്താവിനെ ഫോണിൽ വിളിച്ച് 12 മണിക്ക് സ്വന്തം കുടുംബ വീടുള്ള കുറ്റിക്കോൽ പരപ്പയിലേക്ക് പോകുന്നതായി അറിയിച്ചിരുന്നു.

കുറ്റിക്കോലിലേക്ക് യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് ആകസ്മികമായ സംഭവമുണ്ടായത്.

ഭർത്താവുമായി യുവതിക്ക് അസ്വാരസ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രഥമിക വിവരം.

മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ പോലീസിനോടാവശ്യപ്പെട്ടു.  ശ്രീജയുടെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തുമെന്ന് മേൽപ്പറമ്പ് പോലീസ് എസ്ഐ, പത്മനാഭൻ ലേറ്റസ്റ്റിനോട് വ്യക്തമാക്കി.

LatestDaily

Read Previous

പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍: ജില്ലയില്‍ ഇനി മുതല്‍ പത്തിരട്ടി പിഴ

Read Next

ഓട്ടോ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചു