വിദ്യയുടെ വാതായനങ്ങൾ തുറക്കട്ടെ

രീനാരായണഗുരുവിന്റെ നാമത്തിൽ ഓപ്പൺ സർവ്വകലാശാല ആരംഭിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം ഉചിതമായ നടപടി തന്നെയാണ്. കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുവിന്റെ സ്മരണ നില നിർത്താൻ ഒരു വിദ്യാഭ്യാസ കേന്ദ്രം തന്നെയാണ് ഉചിതവും.

വിദ്യ കൊണ്ട്  പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത സന്യാസിയാണ് ശ്രീനാരായണ ഗുരു. ഗുരുവെന്ന വാക്കിനർത്ഥം അന്ധകാരത്തെ ഇല്ലാതാക്കുക എന്നതാണ്. സമൂഹത്തിലെ അന്ധകാരം തുടച്ചു നീക്കാൻ പ്രയത്നിച്ച സാമൂഹ്യ പരിഷ്കർത്താവ് കൂടിയായതിനാൽ ഗുരുവെന്ന പദം അതിന്റെ പൂർണ്ണാർത്ഥത്തിൽ യോജിച്ചയാളാണ് ശ്രീനാരായണഗുരു.

സർവ്വകലാശാല ആരംഭിക്കാൻ തീരുമാനിച്ച ദിവസം ഒക്ടോബർ രണ്ടായതും മികച്ച തീരുമാനമാണ്. കേരള നവോത്ഥാന ചരിത്രത്തിൽ മായാത്ത ചിത്രമായ ശ്രീനാരായണ ഗുരുവിന്റെ പേരിൽ  ഗാന്ധിജയന്തി ദിനത്തിൽത്തന്നെ ഒാപ്പൺ സർവ്വകലാശാല ആരംഭിക്കുന്നതിനുള്ള തീരുമാനം കയ്യടി അർഹിക്കുന്നു.

ഉന്നതപഠന സാധ്യതകളുടെ വിശാലമായ ആകാശം അക്ഷരാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നതാണ് നിർദ്ദിഷ്ട സർവ്വകലാശാലയെന്ന സൂചനകൾ പുറത്ത് വന്നു കഴിഞ്ഞു.

സങ്കേതബദ്ധമായ ക്ലാസ് മുറികളിൽ നിന്നും വിദ്യയെ മോചിപ്പിക്കുന്ന തരത്തിലാണ് നിർദ്ദിഷ്ട സർവ്വകലാശാലയിൽ ക്ലാസുകൾ നടക്കുകയെന്നതിനാൽ വിദ്യ കൊതിക്കുന്നവർക്ക് വിദൂര വിദ്യാഭ്യാസം വഴി അത് നേടാൻ കഴിയും.

പഠനം പാതിവഴിയിൽ മുറിഞ്ഞു പോയവർക്കും , വമ്പൻകുക ഫീസ് കൊടുത്ത് കേളേജുകളിൽ വിദ്യാഭ്യാസം നടത്താൻ പ്രാപ്തിയില്ലാത്തവർക്കും പുതിയ സർവ്വകലാശാല ഏറെ പ്രയോജനപ്പെടുമെന്ന് കരുതാം. വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കുന്ന ആധുനികകാലത്ത് സീറ്റുകൾക്ക് കോഴ  കൊടുക്കാതെ വിദൂര വിദ്യാഭ്യാസം  നേടിയെടുക്കാൻ  സാധാരണക്കാർക്ക് കഴിയുന്ന തരത്തിലായിരിക്കണം ഫീസ് ഘടനയും നിബന്ധനകളുമെന്ന് ഭരണാധികാരികൾ തിരിച്ചറിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വിദൂര വിദ്യാഭ്യാസത്തിനായി പലരും ഉപയോഗപ്പെടുത്തുന്നത് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയെയാണ്, കേരളത്തിന് സ്വന്തമായി ഒരു ഓപ്പൺ സർവ്വകലാശാല നിലവിൽ  വരുന്നതോടെ വിദൂരപഠനത്തിന്റെ വാതിലുകൾ ഇവിടെത്തന്നെ തുറക്കപ്പടും.

കേരളത്തിൽ നിലവിൽത്തന്നെ നിരവധി സർവ്വകലാശാലകളുണ്ട്. അതാത് കാലത്ത് ഭരിക്കുന്ന പാർട്ടികളുടെ ആശ്രിതരെ വിവിധ സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനാണ് ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയെങ്കിലും രാഷ്ട്രീയക്കളികളുടെ കൂത്തമ്പലമാക്കാൻ അനുവദിക്കാതിരുന്നാൽ നല്ലതായിരിക്കും

LatestDaily

Read Previous

അധ്യാപക ദിനം ഓൺലൈനിൽ

Read Next

എം. പി. ഉദ്ഘാടനം ചെയ്ത പോലീസ് സ്റ്റേഷൻ മാർച്ചിൽ 17 പേർക്കെതിരെ കേസ്സ്