ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഒമ്പത് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജിവയ്ക്കാനുള്ള അന്ത്യശാസനം നൽകിയ സമയപരിധി രാവിലെ 11.30ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല, നിയമനടപടി സ്വീകരിക്കുമെന്ന് ആറ് വിസിമാരും രാജ്ഭവനെ അറിയിക്കുകയും ചെയ്തു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇന്ന് വൈകുന്നേരം പ്രത്യേക സിറ്റിംഗ് നടത്തും. ദീപാവലി പ്രമാണിച്ച് കോടതി ഇന്ന് അവധിയാണ്. എന്നാൽ കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ച് ഇന്ന് വൈകിട്ട് വിസിമാരുടെ ഹർജി പരിഗണിക്കും.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വി.സിമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീക്ക് പകരം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥിന് വി.സിയുടെ താൽക്കാലിക ചുമതല നൽകണമെന്ന് സർക്കാർ ശുപാർശ ചെയ്തതിനെ തുടർന്നാണ് ഗവർണറുടെ നടപടി.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്), എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ വിസിമാർക്കാണ് രാജ്ഭവൻ അടിയന്തര നിർദ്ദേശം നൽകിയത്. സാങ്കേതിക സർവകലാശാലയ്ക്ക് പുറമെ അഞ്ച് സർവകലാശാലകളിലെ വി.സിമാരെയും പാനലില്ലാതെയാണ് നിയമിച്ചത്. മറ്റുള്ളവരുടെ നിയമനത്തിന് പാനൽ ഉണ്ടായിരുന്നിട്ടും സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധരെ മാത്രം അനുവദിച്ചാൽ മതിയെന്ന നിബന്ധന ലംഘിക്കപ്പെട്ടുവെന്നാണ് ഗവർണറുടെ ഉത്തരവിൽ പറയുന്നത്.