അധ്യക്ഷനെ സോണിയ നിർദേശിക്കണം; പ്രമേയം പാസാക്കണമെന്ന് പാർട്ടി നേതൃത്വം

ന്യൂഡൽഹി: അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ സോണിയ ഗാന്ധി തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്കു നിർദേശം. എഐസിസി അംഗങ്ങൾക്കും കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു കോൺഗ്രസ് അധ്യക്ഷൻമാർക്കു നിർദേശം നൽകിയിരിക്കുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രിക സമർപ്പണം നടത്തേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നടക്കുക.

ഇതോടെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ വീണ്ടും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയും അധ്യക്ഷയാകാൻ സാധ്യതയില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടാണ് ഗാന്ധി കുടുംബത്തിന് താൽപ്പര്യം. സോണിയാ ഗാന്ധി പുതിയ അധ്യക്ഷനെ നിർദ്ദേശിച്ചാൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല.

കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ്. 2017ൽ രാഹുൽ ഗാന്ധി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാജിവച്ചു. രാഹുൽ ഗാന്ധിയെ ഇപ്പോഴും പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുന്നത്.

K editor

Read Previous

മധു വധക്കേസില്‍ കൂറുമാറിയ വനം വാച്ചറെ പിരിച്ചുവിട്ടു

Read Next

ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് മുങ്ങാന്‍ പ്രധാനമന്ത്രിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത; മോദിയെ പരിഹസിച്ച് ഉവൈസി