സോണിയ ഗാന്ധി രാഷ്ട്രീയ രംഗത്ത് തുടരും; വിരമിക്കില്ലെന്ന് വ്യക്തമാക്കി നേതൃത്വം

റായ്പുര്‍: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്ന് പാർട്ടി നേതാവ് അൽക്ക ലാംബ. ശനിയാഴ്ച ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് പ്ലീനറി യോഗത്തിൽ സംസാരിച്ച സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി സൂചന നൽകിയിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്നും പാർട്ടി പ്രവർത്തകരുടെ ഉപദേഷ്ടാവായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി റായ്പൂരിൽ നടന്ന പ്ലീനറി സെഷനിൽ അൽക്ക ലാംബ പറഞ്ഞു. സദസ്സിലുണ്ടായിരുന്ന സോണിയ ഗാന്ധി അൽക്കയുടെ പ്രസ്താവനയോട് യോജിക്കുന്നതുപോലെ പുഞ്ചിരിക്കുകയും ചെയ്തു.

സമ്മേളനത്തിന്‍റെ രണ്ടാം ദിവസം 15,000 ത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്ത സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സൂചന നൽകിയിരുന്നു. ഭാരത് ജോഡോ യാത്ര ഒരു വഴിത്തിരിവായി മാറി, ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുവെന്ന് ഭാരത് ജോഡോ യാത്രയിലൂടെ വ്യക്തമായെന്നും അവർ പറഞ്ഞു. ബഹുജന സമ്പർക്ക പരിപാടിയിലൂടെ കോൺഗ്രസും ജനങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സജീവമാക്കിയിട്ടുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും സോണിയ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിശ്ചയദാർഢ്യവും നേതൃത്വവുമാണ് ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നും അവർ പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിക്കുമോ അതോ സീറ്റ് മകൾ പ്രിയങ്ക ഗാന്ധിക്ക് കൈമാറുമോ എന്ന് ജനങ്ങൾ തന്നെ ഊഹിക്കട്ടെ എന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് സോണിയ ഒരു സൂചനയും നൽകിയിട്ടില്ല. 2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ പ്ലീനറി സമ്മേളനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറിയത്.

K editor

Read Previous

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ പാർട്ടിക്ക് കൂടുതല്‍ ശബ്ദം ഉയർത്താമായിരുന്നു: തരൂര്‍

Read Next

വധഭീഷണി വരെ; ഉണ്ണി മുകുന്ദനെതിരായ കമൻ്റിൽ സന്തോഷ് കീഴാറ്റൂർ