ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ശശി തരൂർ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ശശി തരൂരിനെ സോണിയ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് ചർച്ച നടത്തിയത്.
എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച ശശി തരൂരിനെ സോണിയ ഗാന്ധി അഭിനന്ദിച്ചു. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശശി തരൂർ നേതൃത്വത്തിലെ പലരെയും വിമർശിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ വിമർശനം മയപ്പെടുത്താനാണ് തരൂർ ക്യാമ്പിന്റെ തീരുമാനം.
തന്റെ രംഗപ്രവേശത്തിന് ശേഷം എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് പാർട്ടിയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടുവെന്നും ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മത്സരിക്കാനും പത്തിലൊരാളുടെ പിന്തുണ നേടാൻ തനിക്ക് കഴിഞ്ഞുവെന്നും തരൂർ അവകാശപ്പെട്ടു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഖാർഗെയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്ന മാറ്റങ്ങളിൽ തന്നെയും പരിഗണിക്കണമെന്നാണ് തരൂരിന്റെ നിലപാട്. ശശി തരൂർ വർക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം തരൂർ രാഹുലിനെയും സോണിയയെയും അറിയിച്ചേക്കും. തന്നെ അവഗണിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുകയാണെങ്കിൽ ശക്തമായി പ്രതിരോധിക്കാനും തരൂർ ശ്രമിക്കും. തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പാർട്ടിക്ക് പുറത്ത് നിന്ന് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് അദ്ദേഹത്തെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് ഖാർഗെ ആഗ്രഹിക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായില്ലെങ്കിൽ അത് തന്നെ സംഭവിക്കാനാണ് സാധ്യത.