സാമൂഹിക-വനിതാ ക്ഷേമ പ്രവർത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (86) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് കോട്ടയത്തെ പ്രസിദ്ധമായ പള്ളിക്കൂടം സ്കൂളിന്‍റെ സ്ഥാപകയായ മേരി റോയിയാണ്. പരേതനായ രജിബ് റോയിയാണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവരാണ് മക്കൾ.

കോട്ടയത്തെ ആദ്യത്തെ സ്കൂളായ റവ.റാവു ബഹാദൂർ ജോൺ കുര്യൻ സ്കൂൾ സ്ഥാപകനായ ജോൺ കുര്യന്‍റെ കൊച്ചുമകളാണ്. 1933-ൽ കോട്ടയം അയ്മനത്താണ് മേരി റോയ് ജനിച്ചത്. ഡൽഹിയിലെ ജീസസ് മേരി കോൺവെന്‍റിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെന്നൈയിലെ ക്വീൻ മേരീസ് കോളേജിൽ നിന്ന് ബിരുദം നേടി. കൽക്കത്തയിലെ ഒരു കമ്പനിയിൽ സെക്രട്ടറിയായിരിക്കെ പരിചയപ്പെട്ട ബംഗാളിയായ രജിബ് റോയിയെയാണ് മേരി റോയ് വിവാഹം കഴിച്ചത്. കുടുംബജീവിതത്തിലെ അസ്വസ്ഥതകൾ കാരണം, കുട്ടികളുമായി തിരിച്ചെത്തി ഊട്ടിയിലെ പിതാവിന്‍റെ വീട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അസാധുവാണെന്നും വിൽപ്പത്രം എഴുതാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. കേസിലൂടെ നേടിയെടുത്ത വീട് മേരി റോയ് പിന്നീട് സഹോദരനു തിരികെ നൽകി. സഹോദരനെതിരെയല്ല, നീതിക്ക് വേണ്ടിയാണ് താൻ കോടതിയിൽ പോയതെന്നും കുട്ടികൾ തുല്യരാണെന്നും പെൺകുട്ടി സെക്കൻഡ് ഇൻ കമാൻഡ് ആണെന്ന ധാരണ മാറ്റണമെന്നും അതിനായുള്ള പോരാട്ടം മാത്രമായിരുന്നു അതെന്നും മേരി റോയ് പിന്നീട് വ്യക്തമാക്കി.

K editor

Read Previous

ദുബായ് വിമാനത്താവളത്തിൽ ഇനി വിശാലമായി കിടന്നുറങ്ങാം

Read Next

വിമാനത്തിലെ ആക്രമണം ; ഗൂഢാലോചനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി