തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത

കണ്ണൂര്‍: കാറിലേക്ക് ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തി. തലശ്ശേരിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെയാണ് പ്രതികൾ ഉപദ്രവിച്ചത്. പൊന്നിയമ്പലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

കുട്ടിയ്ക്ക് ചവിട്ടേറ്റതിനെ തുടർന്ന് നടുവിൽ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സ്ത്രീ കാറിൽ കയറിയെങ്കിലും അവരും ഒന്നും പറയുകയോ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. അടുത്തുള്ള ഓട്ടോ ഡ്രൈവറും മറ്റുള്ളവരും ഇയാളെ ചോദ്യം ചെയ്തെങ്കിലും അയാൾ താൻ ചെയ്തതിനെ ന്യായീകരിക്കുന്നതും കാറിൽ കയറുന്നതും വീഡിയോയിൽ കാണാം.

രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് ഗണേഷ്. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ വിഷയത്തിൽ ഇടപെട്ട് നടപടിയെടുക്കാനാണ് ബാലാവകാശ കമ്മിഷൻ തീരുമാനം.വിഷയത്തിൽ പരമാവധി ഇടപെടുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു. കുട്ടിക്ക് വൈദ്യസഹായം ആവശ്യമാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

ഷാരോണ്‍ കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും

Read Next

തെലങ്കാനയിൽ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയെന്ന് കെസിആർ