ഒറ്റ നമ്പർ ചൂതാട്ടം പിടിമുറുക്കി

lottery

കാഞ്ഞങ്ങാട് :സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിച്ചതോടെ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും വീണ്ടും ഒറ്റ നമ്പർ ചൂതാട്ടം തലപൊക്കി.

ഒന്നിടവിട്ട ദിവസങ്ങളിലാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പെന്നതിനാൽ സമാനരീതിയിലാണ് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവും കൊഴുക്കുന്നത്.

സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പർ കേന്ദ്രീകരിച്ചാണ് ഒറ്റ നമ്പർ സമ്മാനം നൽകിയിരുന്നത് കോവിഡിനെ തുടർന്ന് സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിർത്തി വെച്ചതിനാൽ ഒറ്റ നമ്പർ ചൂതാട്ടലോബിക്ക് ചൂതാട്ടം തുടരാൻ മറ്റ് മാർഗമില്ലാതെ ഒറ്റ നമ്പർ ചൂതാട്ടം നിർത്തുകയായിരുന്നു.

കാഞ്ഞങ്ങാടിനെയും നീലേശ്വരം നഗരങ്ങളെയും സമീപ പ്രദേശങ്ങളെയും പാടെ വിഴുങ്ങിയിരുന്ന ചൂതാട്ടത്തിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്യുകയും ഏജന്റുമാർ കൂട്ടത്തോടെ പോലീസ് പിടിയിലായതോടെ പരസ്യമായുള്ള എഴുത്ത് ലോട്ടറി കച്ചവടം വാട്സപ്പുൾപ്പെടെയുള്ള നവ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് മാറുകയുമായിരുന്നു.ഇതിനിടയിൽ കോവിഡ് വ്യാപകമായതോടെ സർക്കാർ ലോട്ടറി നറുക്കെടുപ്പ് നിർത്തുകയായിരുന്നു.

കാഞ്ഞങ്ങാട്ടും നിലേശ്വരത്തും തീരദേശമേഖലകളിലും ചൂതാട്ടത്തിനായി നിരവധി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.  എഴുത്ത് ലോട്ടറി ചൂതാട്ടക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാന ലോട്ടറിക്ക് ഭീഷണിയായ ഒറ്റ നമ്പർ ചൂതാട്ടം കൂടുതൽ ശക്തമായി തുടരും.

Read Previous

സമുദ്ര ഉപ്പുകമ്പനി: 30 കോടിയുടെ പദ്ധതിയെന്ന് ഉടമകൾ

Read Next

കുഞ്ഞിന്റെ തൊട്ടിൽതൂക്കിയ ഉമ്മ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു