ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പഞ്ചാബ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ നടൻ സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പൊലീസ്. പ്രതികൾ ദിവസങ്ങളോളം മുംബൈയിൽ തങ്ങുകയും സൽമാൻ ഖാന്‍റെ യാത്രകൾ നിരീക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽ നിന്നാണ് നിർണായക വിവരങ്ങൾ പഞ്ചാബ് പൊലീസിന് ലഭിച്ചത്.
കേസിലെ അവസാന പ്രതിയായ ദീപക് മുണ്ടി, കൂട്ടാളികളായ കപിൽ പണ്ഡിറ്റ്, രജീന്ദർ എന്നിവരെ പശ്ചിമ ബംഗാൾ-നേപ്പാൾ അതിർത്തിയിൽ നിന്ന് ശനിയാഴ്ചയാണ് നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളായ കപിൽ പണ്ഡിറ്റിന് സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടതിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ സൽമാൻ ഖാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും അഭിസംബോധന ചെയ്തതായി ആരോപിക്കപ്പെടുന്ന ‘നിങ്ങള്‍ മൂസെവാലയെപ്പോലെയാകും’ എന്ന സന്ദേശമുള്ള കത്ത് മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ കണ്ടെത്തിയിരുന്നു.