സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനം; തടസമായി ഇഡി കേസ്

ന്യൂഡല്‍ഹി: യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് മോചനത്തിന് തടസം. കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 45,000 രൂപ എത്തിയെന്നാണ് കേസ്. കലാപം സൃഷ്ടിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ പണമെന്നാണ് ഇഡിയുടെ ആരോപണം.

സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനിടെ തന്നെ ലഖ്നൗവിലെ ഇഡി കേസിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ ഈ മാസം 19ന് ലഖ്നൗ കോടതി പരിഗണിക്കും. സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവർ ലഖ്നൗവിലേക്ക് പോയിരുന്നു എങ്കിലും ഇവര്‍ക്ക് സിദ്ദീഖ് കാപ്പനെ കാണാന്‍ സാധിച്ചിരുന്നില്ല.

സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഇക്കാലയളവിൽ കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിൽ 45,000 രൂപയോളം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചത്. 45000 രൂപയുമായി രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ വിചിത്രമാണെന്ന് സിദ്ദീഖ് കാപ്പന്റെ കുടുംബം പ്രതികരിക്കുന്നു. വീടിന്‍റെ നിർമ്മാണം നടന്നുവരികയായിരുന്നു. ഇതിനുള്ള പണമായിരുന്നു അത്. കുറച്ച് തുക വീടുപണിക്ക് ചെലവായിരുന്നുവെന്നും കുടുംബം പറയുന്നു.

K editor

Read Previous

രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ; അമിത് ഷാ

Read Next

പാദസരക്കള്ളന്റെ മൊഴി ന്യായാധിപൻ രേഖപ്പെടുത്തി