ഭരണം പിടിക്കണം: ജനമനസ് അറിയാൻ സർവ്വേയുമായി കോൺഗ്രസ്

കർണ്ണാടക : കോൺഗ്രസിന് ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. 2018 ൽ ബിജെപിയെ പുറത്താക്കാൻ ജെഡിഎസുമായി ചേർന്ന് അധികാരത്തിലെത്തിയെങ്കിലും അധികാരം നഷ്ടമായി. ഇരുപാർട്ടികളിലെയും എംഎൽഎമാരെ ചാക്കിട്ട് പിടിച്ചാണ് ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കിയത്.

എന്നാൽ എന്ത് വിലകൊടുത്തും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് അധികാരം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്‌. പ്രത്യേക സർവേ നടത്തി ജനമനസ്സ് മനസ്സിലാക്കി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് പാർട്ടിയുടെ നീക്കം.

പ്രാദേശിക തലത്തിലും മണ്ഡല തലത്തിലും പ്രത്യേക സർവേ നടത്തും. സർവേ നടത്താൻ സ്വാശ്രയ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കോൺഗ്രസിന് 69 എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്. അടുത്ത തവണ 150 സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കാൻ ശക്തമായ പ്രവർത്തനം കാഴ്ച്ചവെക്കണമെന്നാണ് നേതൃത്വം കരുതുന്നത്. മണ്ഡലം-പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യസ്ത സർവേകൾ നടത്തുകയും ശക്തരായ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഉള്ള കോൺഗ്രസ് ഇതര മണ്ഡലങ്ങളിലും ഇത് നടത്തുകയും ചെയ്യും. ബൂത്ത് തിരിച്ചുള്ള, ജാതി തിരിച്ചുള്ള കണക്കുകളും മറ്റ് വിജയ ഘടകങ്ങളും സർവേ പരിശോധിക്കും. “സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായി നീങ്ങാതെ മുന്നോട്ട് പോകാൻ സാധ്യമല്ല. അതുകൊണ്ടാണ് പ്രാദേശിക തലത്തിൽ ഉൾപ്പെടെ ജനങ്ങളുടെ വികാരം അറിയാൻ പ്രത്യേക സർവേകൾ നടത്തുന്നത്,” കോൺഗ്രസ് നേതാവ് പറഞ്ഞു.

K editor

Read Previous

കെ ഫോൺ പദ്ധതി; കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ജനകീയ ബദലെന്ന് ആര്യ രാജേന്ദ്രൻ

Read Next

വിധി 26 വര്‍ഷങ്ങള്‍ക്ക് ശേഷം; രാജ് ബബ്ബാറിന് രണ്ട് വര്‍ഷം തടവ്