ശൈഖ് ജാബര്‍ പാലം വിനോദ കേന്ദ്രമാകുന്നു

കുവൈത്ത് സിറ്റി: കുവൈറ്റിന്‍റെ അഭിമാന സ്തംഭങ്ങളിലൊന്നായ ശൈഖ് ജാബർ പാലം പുതിയ വിനോദകേന്ദ്രമാകുന്നു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാലത്തോടു ചേർന്ന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്‍റെ ഭാഗമായി, പാലത്തിനോട് ചേർന്നുള്ള രണ്ട് താൽക്കാലിക മനുഷ്യനിർമ്മിത ദ്വീപുകൾ ശൈത്യകാലത്തും വസന്തകാലത്തും പ്രത്യേക വിനോദ സഞ്ചാര കേന്ദ്രമാക്കും.

ഈ ആശയം സർക്കാർ തത്വത്തിൽ അംഗീകരിച്ചതായി അൽ-റായ് പത്രം റിപ്പോർട്ട് ചെയ്തു. മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്നതിനായി വിവിധ വിനോദങ്ങൾ ഇവിടെ ഒരുക്കും. വികസന പദ്ധതികളിലേക്ക് ജനങ്ങളെ അടുപ്പിക്കാനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് ഇത് ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്. കടൽപ്പാലത്തിനോട് ചേർന്നുള്ള രണ്ട് കൃത്രിമ ദ്വീപുകൾ വഴി താൽക്കാലിക ‘സീസണൽ എന്‍റർടെയ്ൻമെന്‍റ് സിറ്റി’ സ്ഥാപിക്കാൻ മന്ത്രിസഭാ സമിതി ഈ നിർദ്ദേശം ചർച്ച ചെയ്യുകയും അംഗീകാരം നൽകുകയും ചെയ്തു.

കുട്ടികൾക്കായുള്ള ഉത്സവങ്ങൾ, കായിക പ്രവർത്തനങ്ങൾ, പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള മാർക്കറ്റുകൾ എന്നിവ ഇവിടെ ഒരുക്കും. ചെറുകിട സംരംഭകർക്കും മൊബൈൽ വാഹനങ്ങളുടെ ഉടമകളായ കുവൈറ്റ് യുവാക്കൾക്കും ഒക്ടോബർ മുതൽ മെയ് വരെയുള്ള സീസൺ പ്രയോജനപ്പെടുത്താൻ അവസരമുണ്ടാകും. മുനിസിപ്പാലിറ്റി തയ്യാറാക്കിയ പദ്ധതി പ്രകാരം ഈ താൽക്കാലിക ക്രമീകരണങ്ങൾക്ക് അധികം ചെലവ് വരില്ല.

K editor

Read Previous

ബാബരി മസ്ജിദ്; കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു

Read Next

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം