ഷാരോണിന്റെ മരണം: വനിതാ സുഹൃത്ത് ഞായറാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കഷായം, ജ്യൂസ് എന്നിവ നൽകിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകി. ഇതുവരെ പാറശ്ശാല പൊലീസ് അന്വേഷിച്ച കേസ് ശനിയാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതേ തുടർന്നാണ് വനിതാ സുഹൃത്തിനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മരണകാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി ശിൽപ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ മാസം 14നാണ് വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഷാരോൺ കഷായവും ജ്യൂസും കുടിച്ചത്. 14ന് രാത്രി ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് 25ന് മരിച്ചു. ഷാരോണിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ ആഡിഡ് ചേർത്തു നൽകി എന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.

Read Previous

ഹിമാചലില്‍ ബിജെപി ഉടന്‍ പ്രകടന പത്രിക പുറത്തിറക്കും

Read Next

സോഷ്യല്‍ മീഡിയ ഭീകര ശൃംഖലകളുടെ ടൂള്‍കിറ്റായി മാറുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ