ഷാരോൺ കൊലക്കേസ്; സിന്ധുവും നിർമലും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി

കൊച്ചി: പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ഷാരോണിന്‍റെ മരണശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും ഹർജിയിൽ പറയുന്നു.

ഗ്രീഷ്മയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് പൊലീസ് തങ്ങളെ പ്രതിചേർത്തതെന്ന് ഇവർ പറഞ്ഞു. വിഷക്കുപ്പി ഒളിപ്പിച്ചെന്ന വാദം വാസ്തവവിരുദ്ധവും പൊലീസ് കെട്ടിച്ചമച്ചതുമാണെന്നും ഹർജിയിൽ പറയുന്നു. ഗ്രീഷ്മയെ തെളിവ് നശിപ്പിക്കാൻ സഹായിച്ചതിനും വിഷക്കുപ്പി ഒളിപ്പിച്ചതിനുമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇരുവരുമൊത്തുള്ള തെളിവെടുപ്പിനിടെയാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവൻ നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലുമാണ്.

Read Previous

സ്വദേശിവൽകരണം ശക്തമാക്കാൻ കുവൈറ്റ്; മലയാളികളടക്കം ആശങ്കയിൽ

Read Next

കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു