ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഷാർജയിൽ 83 കോടി രൂപയുമായി കേരളത്തിലേക്ക് മുങ്ങിയ തൃക്കരിപ്പൂർ സ്വദേശിയെ കണ്ടത്താൻ പോലീസ് തൃക്കരിപ്പൂരിലും പരിസരങ്ങളിലും വ്യാപക തിരച്ചിൽ നടത്തി. ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽ നിന്നും 83 കോടി രൂപ വായ്പയെടുത്ത ശേഷം ബാങ്കിനെ കബളിപ്പിച്ച് മുങ്ങിയ തൃക്കരിപ്പൂർ തുരുത്തുമ്മൽ ചേനോത്ത് അബ്ദുൾ റഹ്മാനെ 48, കണ്ടെത്താനാണ് ചന്തേര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
അബ്ദുൾ റഹ്മാൻ ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും, ഫലമുണ്ടായില്ല. പ്രതി തൃക്കരിപ്പൂർ വിട്ടതായാണ് പോലീസ് കരുതുന്നത്. കേസ്സിൽ അബ്ദുൾ റഹ്മാൻ മാത്രമാണ് പ്രതി. കുറ്റം തെളിയിക്കപ്പെട്ടാൽ 7 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന വഞ്ചനാകുറ്റം ചുമത്തിയാണ് അബ്ദുൾ റഹ്മാന്റെ പേരിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഷാർജ ഇൻവെസ്റ്റ് ബാങ്കിന്റെ പവർ ഓഫ് അറ്റോർണിയായ എറണാകുളത്തെ എക്സ്ട്രീം കൺസൾട്ടൻസിയിലെ ജീവനക്കാരൻ തൃശ്ശൂർ കൈപ്പ മംഗലം പി.എസ്. അസിനാണ് ചന്തേര പോലീസിൽ അബ്ദുൾ റഹ്മാനെതിരെ പരാതി നൽകിയത്.
ഷാർജയിലെ ഹെക്സാ ഓയിൽ ആന്റ് ഗ്യാസ് എൽസിസി കമ്പനിയുടെ പേരിൽ 83 കോടി രൂപ വായ്പ സംഘടിപ്പിച്ച അബ്ദുൾ റഹ്മാൻ പിന്നീട് പണം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു. തട്ടിപ്പ് നടത്താൻ പ്രതി ബാങ്കിന് നൽകിയ രേഖകൾ ബാങ്കധികൃതർ ചന്തേര പോലീസിന് കൈമാറിയിട്ടുണ്ട്. അബ്ദുൾ റഹ്മാനെതിരെ ഷാർജ അധികൃതർ അടുത്ത ദിവസങ്ങളിൽ കൂടുതൽ രേഖകൾ കൈമാറും. ആവശ്യമെങ്കിൽ പോലീസ് കേസന്വേഷണത്തിന് ഷാർജയിലേക്ക് പോകും. പുതുതായി ചുമതലയേറ്റ ചന്തേര പോലീസ് ഇൻസ്പെക്ടർ എം.ടി. ജേക്കബാണ് കേസ്സിൽ അന്വേഷണം നടത്തുന്നത്.