ഷംന ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനാർത്ഥി

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി ഫാത്തിമത്ത് ഷംന. കഴിഞ്ഞ തവണ വി.പി.പി മുസ്തഫ വിജയിച്ച പുല്ലൂർ- പെരിയ ഡിവിഷനിൽ നിന്ന് ഇത്തവണ ജനവിധി തേടുന്ന ഫാത്തിമത്ത് ഷംന പെരിയ ഏർമാളം സ്വദേശിനിയും, സിപിഎം ഏർമാളം ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിണിയായ ഷംന എസ്എഫ്ഐ യിലൂടെ രാഷ്ട്രീയത്തിലെത്തിയ യുവ താരമാണ്. മുന്നാട് പീപ്പിൾസ് കോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ഏരിയാ കമ്മിറ്റി അംഗമാണ് ഈ ഇരുപത്തിമൂന്നുകാരി.

ബിജെപിയിലെ ഗീതയും, യുഡിഎഫിലെ സി.എം. ആസ്സിയയുമാണ് ഫാത്തിമത്ത് ഷംനയുടെ എതിരാളികൾ.  വി.പി.പി. മുസ്തഫയെ കഴിഞ്ഞ തവണ പാർട്ടി ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് ഉയർത്തിക്കാണിച്ചിരുന്നുവെങ്കിലും, ജില്ലാ പഞ്ചായത്ത് കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് കൈമോശം വന്നു.

വി.പി.പി. മുസ്തഫക്ക് നഷ്ടപ്പെട്ട ഭാഗ്യം ഇത്തവണ ഷംനയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും, ഇടതുമുന്നണിയും. മതന്യൂനപക്ഷങ്ങൾക്കും, പിന്നോക്കക്കാർക്കും അവസരം നൽകാനുള്ള പാർട്ടി സംസ്ഥാന നേതൃത്വ തീരുമാനത്തിന്റെ ഭാഗമാണ് ഷംനയുടെ സ്ഥാനാർത്ഥിത്വം.

Read Previous

ആര്യ ആദായനികുതി റിട്ടേൺസ് നൽകിയില്ല

Read Next

യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ അക്രമം ; സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്