ശബ്നയുടെ ആശുപത്രി ബില്ല് ₨ 1. 75 ലക്ഷം

കാഞ്ഞങ്ങാട്: സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും രണ്ടു ദിവസത്തിൽ രണ്ടു തവണ ഉദരം കീറി മുറിക്കുകയും ചെയ്യപ്പെട്ട ഹതഭാഗ്യ അജാനൂർ പള്ളോട്ടെ ശബ്നയുടെ കാഞ്ഞങ്ങാട്ടെ ആശുപത്രി ബില്ല് 1.75 ലക്ഷം രൂപ. അജാനൂർ കുശവൻ കുന്നിലുള്ള സ്വകാര്യാശുപത്രിയിൽ 2020 ജൂൺ 19-നാണ് പൂർണ്ണ ഗർഭിണിയായ ശബ്നയെ പ്രസവ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്.

തൊട്ടടുത്ത ദിവസം 20-ന് രാത്രി 8.45 മണിക്ക് ഈ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധൻ സിസേറിയൻ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും, അന്ന് വൈകുന്നേരം മുറിയിലേക്ക് മാറ്റിയതു മുതൽ ശബ്ന ഉദരത്തിലുണ്ടായ കടുത്ത വേദന മൂലം പുളയുകയായിരുന്നു. സിസേറിയൻ ശസ്ത്രക്രിയയിൽ കുടലിൽ വീണ രണ്ടു സുഷിരങ്ങളാണ് അസഹ്യമായ വേദനയും, പിന്നീട് ഉദരം വീർത്തു വന്ന് തുന്നിക്കെട്ടിലൂടെ മലം പുറത്തേക്ക് വരാനിടയാക്കിയതെന്ന് കണ്ണൂർ ആശുപത്രിയിൽ പിന്നീട് മൂന്നാമതും നടത്തിയ ശസ്ത്രക്രിയയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകളും അജാനൂരിൽ സിസേറിയന് പുറമെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയിട്ടും, കുടലിൽ സംഭവിച്ച രണ്ട് സുഷിരങ്ങളിൽ ഒന്ന് കണ്ടെത്താൻ കഴിയാതെ പോയതാണ് യുവതി ഗുരുതര നിലയിലെത്താൻ കാരണമായത്.

അജാനൂർ ആശുപത്രിയിൽ ഡോക്ടർക്ക് സംഭവിച്ച കൈപ്പിഴ ബോധ്യപ്പെട്ടിട്ടും 1.75 ലക്ഷം രൂപ ചികിത്സാ ഫീസ് വാങ്ങിയ ശേഷമാണ് ശബ്നയെ ഈ ആശുപത്രിയിൽ നിന്ന് ഭർത്താവ് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ട് പോയത്. കണ്ണൂരിൽ ആശുപത്രി ബില്ല് മാത്രം 3 ലക്ഷം രൂപ അടച്ചു. മരുന്നും മറ്റു ചിലവുകളും പുറമെ വരും. അജാനൂരിൽ സിസേറിയന് ശേഷം ദ്വാരങ്ങൾ വീണ ശബ്നയുടെ ചെറുകുടൽ തുന്നിക്കെട്ടാൻ വീണ്ടും ഉദരം കീറിയ കർണ്ണാടക സർജ്ജൻ 15,000 രൂപ ഫീസ് വാങ്ങി.

ഈ ഫീസിൽ ഒരു പൈസ പോലും കുറക്കാൻ കഴിയില്ലെന്ന് ശബ്നയെ കണ്ണൂരിലേക്ക് കൊണ്ടു പോകും മുമ്പ്, പണമടക്കാൻ കുശവൻ കുന്ന് ആശുപത്രിയുടെ കൗണ്ടറിൽച്ചെന്ന് സർജ്ജൻ ആശുപത്രി ക്യാഷ്കൗണ്ടർ ജീവനക്കാരിയോട് ഉച്ചത്തിൽ പറയുന്നത് യുവതിയുടെ ഭർത്താവ് കേൾക്കുകയും ചെയ്തു. ചെറുകുടലിൽ കത്തികൊണ്ടതുമൂലമുണ്ടായ സുഷിരങ്ങൾ മൂലം അസഹ്യമായ വേദനകൊണ്ട് യുവതി പുളയുമ്പോഴും, സിസേറിയൻ നടത്തിയ ഡോക്ടർ യുവതിയുടെ ബന്ധുക്കളോട് പറഞ്ഞത് ഉദരത്തിൽ ഗ്യാസ് ഉരുണ്ടുകൂടിയതു മൂലമുള്ള വേദനയാണെന്നാണ്.

LatestDaily

Read Previous

വി.വി. രമേശന് 1.20 കോടിയുടെ ബിനാമി ഭൂമി 49 ലക്ഷത്തിന്റെ ഭൂമി വാങ്ങിയത് 2019 ജൂൺ 9- ന് നഗരസഭ ചെയർമാൻ പദവിയിലിരുന്ന കാലത്ത്

Read Next

കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം