ലൈം​ഗിക പീഡന പരാതി; സിവിക് ചന്ദ്രൻ 25 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ദളിത് യുവതി നൽകിയ ലൈംഗിക പീഡനക്കേസിൽ 25ന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകുമെന്ന് സിവിക് ചന്ദ്രൻ അഭിഭാഷകർ മുഖേന പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇയാളുടെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ സ്വീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്താൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ അന്നുതന്നെ കോടതി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

2020 ഏപ്രിൽ 17നാണ് കോഴിക്കോട്ട് പുസ്തക പ്രകാശനത്തിനെത്തിയ വനിതാ അധ്യാപികയും എഴുത്തുകാരിയുമായ യുവതി അതിക്രമം നേരിട്ടത്. പട്ടികജാതി പട്ടികവർഗ (അതിക്രമം തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരവും ബലാത്സംഗം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.

‘വുമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്’ എന്ന പേജിലൂടെയാണ് സിവിക് ചന്ദ്രൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി വിശദീകരിച്ചത്. ഒരു സൗഹൃദ സമ്മേളനത്തിനുശേഷം, വഴിയിൽ വച്ച്, കൈയിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്തുപിടിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു വെളിപ്പെടുത്തൽ.

K editor

Read Previous

എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍; കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകളും

Read Next

ദീപോത്സവത്തിനൊരുങ്ങി രാജ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയില്‍