ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കവർച്ച ചെയ്ത 90 പവൻ സ്വർണ്ണാഭരണങ്ങളും കണ്ടെത്താനായില്ല; വെട്ടിലായി പോലീസ്
കാഞ്ഞങ്ങാട്: പോലീസിന് തെളിയിക്കാനാകാതെ എഴുതി തള്ളിയ കേസിൽ 17 വർഷങ്ങൾക്ക് ശേഷം കവർച്ച പ്രതിയുടെ വിരലടയാളമെന്ന ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടും കോളിച്ചാലിലെ സ്വർണ്ണ കവർച്ചാ കേസിൽ പോലീസിന്റെ അന്വേഷണം വഴി മുട്ടി. ഒരു നിലയ്ക്കും പ്രതി കുറ്റം ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് പോലീസിനെ വെട്ടിലാക്കിയത്.
കോളിച്ചാൽ മുണ്ടപ്ലാവിലെ മൊയ്തുവിന്റെ വീട്ടിൽ 2004 സെപ്റ്റംബർ മാസം പകലാണ് കവർച്ച നടന്നത്. വീട്ടിലാരുമില്ലാത്ത സമയം ജനാല ഗ്രില്ല് തകർത്ത് മോഷ്ടാക്കൾ വീടിനകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 90 പവൻ ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു.
രാജപുരം പോലീസ് കേസെടുത്ത് വർഷങ്ങളോളം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചില്ല. സ്ഥലത്ത് വിരലടയാള വിദഗ്ധർ നടത്തിയ തെളിവെടുപ്പിൽ മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചുവെങ്കിലും വിരലടയാളം ഒത്തുനോക്കി മോഷ്ടാക്കളെ കണ്ടെത്താൻ അന്ന് പോലീസിന് സാധിച്ചില്ല. 2010–ലാണ് കാഞ്ഞങ്ങാടിനെ നടുക്കിയ രാജധാനി ജ്വല്ലറി കൊള്ള നടക്കുന്നത്.
ജ്വല്ലറി പൂട്ടി ഉടമയും തൊഴിലാളികളും വെള്ളിയാഴ്ച നിസ്ക്കാരത്തിനായി 50 മീറ്റർ അകലെയുള്ള പള്ളിയിൽ പോയി തിരിച്ചെത്തിയ അരമണിക്കൂറിനകം ജ്വല്ലറിയുടെ ചുമര് പിൻഭാഗത്ത് നിന്നും തുരന്ന് കോടികൾ വിലമതിക്കുന്ന ആഭരണങ്ങളുമായി മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു. കോളിച്ചാലിൽ ഭവനഭേദനം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിനടുത്ത് പ്രവർത്തിച്ച രാജധാനി ജ്വല്ലറി കൊള്ളയടിച്ചത്.
രാജധാനി ജ്വല്ലറി കവർച്ച കേസിൽ, ഹൊസ്ദുർഗ് ശ്രീകൃഷ്ണ മന്ദിർ റോഡിൽ താമസിക്കുന്ന രവീന്ദ്രനെ 46, പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ രവീന്ദ്രന്റെ വിരലടയാളം, ജില്ലയിൽ നടന്ന മറ്റ് കവർച്ചാക്കേസുകളുമായി ഒത്തു നോക്കിയിരുന്നുവെങ്കിൽ, കോളിച്ചാൽ സ്വർണ്ണ കവർച്ചാകേസിൽ 10 വർഷം മുമ്പ് തന്നെ തുമ്പ് ലഭിക്കേണ്ടതായിരുന്നു.
കവർച്ചാമുതലുകൾ 2010–ൽ തന്നെ കണ്ടെടുക്കാനും പോലീസിന് സാധിക്കുമായിരുന്നു. രവീന്ദ്രന്റെ വിരലടയാളമാണ് കോളിച്ചാലിലെ കവർച്ച നടന്ന വീട്ടിൽ നിന്നും ലഭിച്ചതെന്ന് ഇപ്പോൾ വ്യക്തമായിട്ടും പ്രതി രവീന്ദ്രൻ ഒരു തരത്തിലും കോളിച്ചാലിൽ 90 പവൻ കവർച്ച താനാണ് നടത്തിയതെന്ന് സമ്മതിക്കാൻ തയ്യാറായിട്ടില്ല.
ഹൊസ്ദുർഗ് മജിസ്ട്രേറ്റ്, രാജപുരം പോലീസ് കസ്റ്റഡിയിൽ രവീന്ദ്രനെ രണ്ട് ദിവസം വിട്ടുകൊടുത്തതിനെതുടർന്ന് പോലീസ് ഇൻസ്പെക്ടർ ബിജോയ്, രവീന്ദ്രനെ പലതരത്തിലും ചോദ്യം ചെയ്ത് തെളിവെടുപ്പിന് വിധേയമാക്കിയിട്ടും 17 വർഷം മുമ്പ് നടന്ന കവർച്ച ഏറ്റെടുക്കാൻ പ്രതി തയ്യാറായില്ല.
കോളിച്ചാൽ കവർച്ചയ്ക്ക് പിന്നിൽ താനല്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് രവീന്ദ്രൻ. രവീന്ദ്രനാണ് കവർച്ചയ്ക്ക് പിന്നിലെന്ന ശാസ്ത്രീയ വിരലടയാള തെളിവ് പോലീസിന്റെ പക്കലുണ്ട്. പ്രതി കുറ്റം ഏറ്റെടുക്കാത്തതുകൊണ്ട് മൊയ്തുവിന്റെ വീട്ടിൽ നിന്നും മോഷണം പോയ തൊണ്ടി മുതലായ 90 പവൻ വീണ്ടെടുക്കാൻ കഴിയാതെയാണ് രവീന്ദ്രനെ പോലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. കെട്ടിപ്പൂട്ടിയ കേസിൽ കോടതി അനുമതിയോട് കൂടി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും തൊണ്ടി മുതൽ കണ്ടെത്താനാവാത്ത കവർച്ചാ കേസിന്റെ ഗതിയെന്താകുമെന്ന് കണ്ടറിയണം.