റാലിയിൽ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയുടെ അടുത്തേക്ക് മാലയുമായി ഓടിയെത്തി കൗമാരക്കാരൻ

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ ഒരാൾ മാലയുമായി പ്രധാനമന്ത്രിയുടെ നേരെ ഓടിയെത്തി. മോദിയുടെ അടുത്തെത്തിയ ആളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കർണാടകയിലെ ഹൂബ്ലിയിലാണ് സംഭവം.

എസ്‌യുവിയുടെ റണ്ണിംഗ് ബോർഡിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രധാനമന്ത്രിയുടെ അടുത്തേക്കാണ് പൂമാലയുമായി കൗമാരക്കാരൻ ഓടിയെത്തിയത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എസ്പിജി ഉദ്യോഗസ്ഥർ കുട്ടിയെ തടഞ്ഞപ്പോൾ, പ്രധാനമന്ത്രി മാല സ്വീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറി.

വിമാനത്താവളത്തില്‍ നിന്ന് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്ന വേദിയിലേക്കുള്ള യാത്രയിലായിരുന്നു മോദി. ഹൂബ്ലിയിലെ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് താക്കൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

Read Previous

ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രാലയം

Read Next

ഡെത്ത് ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണം; മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തപാൽ വകുപ്പ്