മതേതരത്വം മറന്നവർ

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജയ്ക്കൊപ്പം തന്നെ ക്ഷേത്ര നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ആരാണ് യഥാർത്ഥ രാമഭക്തർ എന്ന് തെളിയിക്കാനുള്ള മത്സരത്തിൽ ആര് മുമ്പിലെത്തുമെന്നുള്ളതാണ് പൊതുജനം വീക്ഷിക്കുന്നത്.

രാമക്ഷേത്ര നിർമ്മാണ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന പ്രസ്താവനകൾ വഴി പാർട്ടിയുടെ മതേതരമുഖം തന്നെ നഷ്ടമായിരിക്കുകയാണ്. നെഹ്റു പിന്തുടർന്ന മതേതരമൂല്യങ്ങളെ കുപ്പയിൽ വലിച്ചെറിഞ്ഞാണ് കോൺഗ്രസ് രാമക്ഷേത്രത്തിന് പിന്തുണയർപ്പിച്ച് പ്രസ്താവനയിറക്കുന്നത്.

ക്ഷേത്രനിർമ്മാണ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നയത്തിൽ മുസ്്ലീം ലീഗിനകത്തും അഭിപ്രായ ഭിന്നതകൾ തലപൊക്കിയിട്ടുമ്ട്. ദേശീയ തലത്തിൽകോൺഗ്രസ് സ്വീകരിച്ച നിലപാട് കേരളത്തിലെ ലീഗ് കോൺഗ്രസ് ബന്ധത്തെ ബാധിക്കാനിടയില്ലെങ്കിലും, കോൺഗ്രസിന്റെ നിലപാടിൽ ലീഗിലും അമർഷമുണ്ട്.

അധികാര രാഷ്ട്രീയത്തിന് പിന്നാലെ പോകുന്ന മുസ്്ലീം ലീഗിന് കേരളത്തിൽ കോൺഗ്രസ്സുമായുള്ള ബന്ധം വെട്ടിമുറിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണെന്നതിനാൽ ഇപ്പോഴത്തെ പല്ലിറുമ്മലുകളും, പരിഭവങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കാനാണ് കൂടുതൽ സാധ്യത. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ വിജയ സാധ്യതയില്ലാത്തതിനാലും, മറ്റ് മുന്നണിയിലേക്ക് പോകാൻ പറ്റാത്തതിനാലും, ലീഗ് കടുംകൈ ചെയ്യാനൊന്നും മുതിരില്ല.

രാമക്ഷേത്ര നിർമ്മാണം സംഘപരിവാർ സംഘടനകളുടെ ദീർഘകാലമാവശ്യമായതിനാൽ ക്ഷേത്രമിർമ്മാണത്തിന്റെ തുടക്കം അവരുടെ ആ ആഗ്രഹ പൂർത്തീകരണം കൂടിയാണ്. നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജയെ സംഘപരിവാർ സ്വീകരിച്ച രീതി തന്നെ ഇതിന്റെ ഉദാഹരണമാണ്.

രാമക്ഷേത്ര നിർമ്മാണം സാധാരണക്കാരന്റെ പ്രശ്നമല്ലെങ്കിലും, ക്ഷേത്രനിർമ്മാണം ഉയർത്തിക്കൊണ്ടുവരുന്ന സൂചനകൾ ഇന്ത്യ കാണാതിരുന്നുകൂടാ. ക്ഷേത്ര നിർമ്മാണ ട്രസ്റ്റിനാണ് നിർമ്മാണച്ചുമതലയെങ്കിലും,  കേന്ദ്രസർക്കാരും, യുപി ഗവൺമെന്റും ഈ വിഷയത്തിൽ കാണിക്കുന്ന നിലപാട് മതേതരത്വത്തിൽ അധിഷ്ഠിതമായ ഒരു രാജ്യത്തിന് ആശാസ്യമാണെന്ന് പറയാൻ കഴിയില്ല.

കോടതിവിധി പ്രകാരം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് തടസ്സമില്ലെങ്കിലും ഈ വിഷയത്തിൽ സർക്കാർ കൂടുതൽ ഉത്്സാഹം കാണിക്കാതിരിക്കുന്നതാണ് നല്ലത്. മറിച്ചായാൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ അത് തെറ്റായ സന്ദേശം പരത്തും.

LatestDaily

Read Previous

ബി.ടെക്കുകാരും തൊഴിലുറപ്പ് ജോലിയും

Read Next

ഖത്തർ: വിദേശങ്ങളിൽ കുടുങ്ങിയവർക്ക് വിസാ കാലാവധി ഫീസ് വേണ്ട