ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: കഫേ കോഫി ഡേയ്ക്ക് സെബി 25 കോടി രൂപ പിഴ ചുമത്തി. പിഴത്തുക 45 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിർദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് 3,500 കോടി രൂപ വകമാറ്റിയതായും ഇത് ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കിയതായും സെബി കണ്ടെത്തി. വകമാറ്റിയ തുക മുൻ ചെയർമാൻ സിദ്ധാർത്ഥയുടെയും കുടുംബത്തിന്‍റെയും അക്കൗണ്ടുകളിൽ എത്തിയതായും സെബി വ്യക്തമാക്കി.
മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിൽ നിന്നുള്ള കുടിശ്ശിക പലിശ സഹിതം ഉടൻ അടയ്ക്കാനുള്ള പ്രക്രിയ വേഗത്തിലാക്കണമെന്നും സെബി നിർദ്ദേശിച്ചിട്ടുണ്ട്. കുടിശ്ശിക തിരിച്ചടയ്ക്കാൻ സെബിയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തണമെന്നും സെബി പറഞ്ഞു. 2019ലാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. സിദ്ധാർത്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഭാര്യ മാളവിക ഹെഗ്ഡെയെ കഫേ കോഫി ഡേയുടെ സിഇഒ ആയി നിയമിച്ചിരുന്നു. മാളവിക ഹെഗ്‌ഡെയ്ക്ക് പുറമെ ഗിരി ദേവനൂര്‍, മോഹന്‍ രാഘവേന്ദ്ര കൊണ്ടി എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായും നിയമിച്ചിരുന്നു. ബാദ്ധ്യതകൾ വർദ്ധിക്കുകയും നഷ്ടം കൂടുകയും ചെയ്ത സമയത്താണ് ഭരണ മാറ്റമുണ്ടായത്. പുതിയ നിയമനങ്ങൾക്ക് 2025 ഡിസംബർ 30 വരെയാണ് കാലാവധി.
2019 മാർച്ച് 31 ലെ കണക്ക് അനുസരിച്ച് കഫേ കോഫി ഡേയുടെ കടം 7,200 കോടി രൂപയായിരുന്നു. ആത്മഹത്യ ചെയ്ത ഭർത്താവ് ബിസിനസിൽ പരാജയമല്ലെന്ന് തെളിയിച്ചാണ് മാളവിക കഫേ കോഫി ഡേയെ വളർത്തിക്കൊണ്ട് വന്നത്. 1996 ൽ ബെംഗളൂരുവിൽ ആരംഭിച്ച കമ്പനിക്ക് 2011 ൽ രാജ്യത്തുടനീളം 1000 ത്തിലധികം ഔട്ട്ലെറ്റുകൾ ഉണ്ടായിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്ലെറ്റുകളും അടച്ചുപൂട്ടി. ലാഭകരമല്ലാത്ത ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടിയും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്ന മെഷീനുകൾ പിൻ വലിച്ചും കാപ്പിക്ക് ഒരു രൂപ പോലും വർദ്ധിപ്പിക്കാതെയാണ് മാളവിക പുതിയ നയം നടപ്പാക്കിയത്. 2019 മാർച്ച് 31 വരെ 7,200 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി 2020 മാർച്ച് 31 ന് നഷ്ടം 3,100 കോടി രൂപയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം വെറും 1,731 കോടി രൂപയായി കുറയ്ക്കാൻ കഴിഞ്ഞ മാളവികയ്ക്ക് തിരിച്ചടിയാണ് സെബിയുടെ ഈ നീക്കം.