സീറോട് ലൈംഗിക പീഡനം : നീലേശ്വരം പോലീസ് ഇൻസ്പെക്ടർക്ക് ജില്ലാ ജഡ്ജിയുടെ നോട്ടീസ്

കാഞ്ഞങ്ങാട് : അഴിത്തല ലൈംഗിക പീഡനക്കേസിൽ  ഇരയായ പെൺകുട്ടിയെ ഗർഭഛിദ്രത്തിന്  വിധേയയാക്കിയ ഡോക്ടറെ  കേസ്സിൽ പ്രതിചേർക്കാത്തതിന്റെം  കാരണമാവശ്യപ്പെട്ട്  അന്വേഷണോദ്യോഗസ്ഥന് ജില്ലാ ജഡ്ജിയുടെ  കാരണം കാണിക്കൽ നോട്ടീസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിശോധിക്കുകയും,  സ്കാനിങ്ങിന് ശേഷം ഗർഭഛിദ്രത്തിന് വിധേയയാക്കുകയും  ചെയ്തത് കാഞ്ഞങ്ങാട്ടെ രണ്ട് ഡോക്ടർമാരാണ്.  ഇവർക്കെതിരെ പോക്സോ നിമയത്തിലെ  21-ാം വകുപ്പ് പ്രകാരം  കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന സംശയമുയർത്തിയാണ്  ജില്ലാ ബാലാവകാശ കമ്മീഷൻ ചെയർമാൻ  കൂടിയായ  ജില്ലാ ജഡ്ജ് നീലേശ്വരം  സ്റ്റേഷൻ ഹൗസ്  ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ഗർഭഛിദ്രത്തിന് വിധേയയാക്കുന്ന വിവരം പോലീസിനെ അറിയിക്കാൻ ബാധ്യതയുള്ള ഡോക്ടർ ഈ വിവരം പോലീസിൽ നിന്നും മറച്ചുവെച്ചത്  തീർത്തും കുറ്റകരമാണ്.

വയസ്സ് തെളിയിക്കുന്ന രേഖകൾ വാങ്ങാതെയാണ് ഗർഭിണിയായ പെൺകുട്ടിയെ  ഗർഭഛിദ്രത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുടെ  സ്കാനിങ്ങ് നടത്തിയ ഡോക്ടർ തന്നെയാണ് കുട്ടിയെ ഭ്രൂണഹത്യഹത്യയ്ക്കിരയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.  പോക്സോ നിയമത്തിലെ 21-ാം വകുപ്പ്  പ്രകാരം  ഡോക്ടർക്കെതിരെ  കേസെടുക്കാത്തത്  പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ്  ജില്ലാ ജഡ്ജ് പോലീസിന് നൽകിയ  കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

ഓഗസ്റ്റ് 1ന്  പോലീസിനയച്ച കാരണം കാണിക്കൽ നോട്ടീസിൽ 3 ദിവസത്തിനുള്ളിൽ വിശദീകരണം   നൽകണമെന്നാണ് ജഡ്ജിയുടെ  ഉത്തരവ്.  അഴിത്തല ലൈംഗിക പീഡനത്തിൽ ജൂലായ്  19 – നാണ് നീലേശ്വരം പോലീസ്  377\2020 നമ്പറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്ത്  ദിവസങ്ങൾക്കുള്ളിൽത്തന്നെ 5 പ്രതികളെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പീഡനക്കേസിലെ പ്രധാന പ്രതിയായ ക്വിന്റൽ മുഹമ്മദിനെയാണ്  ഇനി പിടികിട്ടാനുള്ളത്.   ഗർഭഛിദ്രത്തിന്  വിധേയയായ പെൺകുട്ടിയുടെ  ഭ്രൂണം ഒന്നാം പ്രതിയായ മദ്രസ്സാ അധ്യാപകനാണ് വീടിന്  സമീപം കുഴിച്ചിട്ടത്. 

കുഴിച്ചിട്ട ഭ്രൂണം  പോലീസിന്റെ സാന്നിധ്യത്തിൽ പുറത്തെടുത്ത് ഫോറൻസിക് സർജൻ പരിശോധന നടത്തുകയും ചെയ്തു.

ഭ്രൂണഹത്യ നടത്തിയ ഡോക്ടർക്കെതിരെ  കേസെടുക്കാത്തത് പോലീസിന്റെ  വീഴ്ചയായാണ് വിലയിരുത്തപ്പടുന്നത്. ജില്ലാ  ജഡ്ജിയുടെ  നോട്ടീസ് ലഭിച്ചതോടെ  പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ,  ഭ്രൂണഹത്യ നടത്തിയ  ഡോക്ടർ എന്നിവർക്കെതിരെ പോലീസ്   കേസെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.  ഭ്രൂണഹത്യാ വിവരം പോലീസിനെ അറിയിക്കാത്തത് ക്രിമിനൽ കുറ്റമായതിനാൽ കേസ് തെളിഞ്ഞാൽ  ഡോക്ടർമാർക്ക് തടവു ശിക്ഷ വരെ ലഭിച്ചേക്കാം.

LatestDaily

Read Previous

വിജിലൻസ് ഉത്തരവ് മറികടന്ന് ഹെൽത്ത് സൂപ്രവൈസറെ കാഞ്ഞങ്ങാട് നഗരസഭയിൽ കുടിയിരുത്തി

Read Next

മന്ത്രി ഇ. ചന്ദ്രശേഖരനെ താഴ്ത്തിക്കെട്ടാൻ ഗൂഢനീക്കം