മഞ്ചേശ്വരത്തും കാസർകോട്ടും എസ്ഡിപിഐ; ലീഗിന് നെഞ്ചിടിപ്പ്

കാഞ്ഞങ്ങാട് : മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ എസ്ഡിപിഐ യിൽ ആലോചന. എസ്ഡിപിഐ നേതാവായ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹമീദ് ഹൊസകുടിയെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം.

എസ്ഡിപിഐ കാസർകോട് ജില്ലാ സിക്രട്ടറി ഖാദർ അറഫ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവും. കാസർകോടും മഞ്ചേശ്വരത്തും സ്ഥാനാർത്ഥികളെ ഒഴിവാക്കിയായിരുന്നു എസ്ഡിപിഐ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ രണ്ടാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കാസർകോടും മഞ്ചേശ്വരവും ഇടം പിടിക്കും.

കേരളത്തിൽ ഏറ്റവും കൂടുതൽ പാർട്ടിക്ക് സ്വാധീനമുള്ളത് കാസർകോടാണെന്നാണ് എസ്ഡിപിഐ കരുതുന്നത്. പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും, പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലം എന്ന നിലയിൽ എസ്ഡിപിഐ കാസർകോടും മഞ്ചേശ്വരത്തും മത്സരിച്ചിരുന്നില്ല.

എന്നാൽ ഇത്തവണ രണ്ടിടത്തും മത്സരിക്കണമെന്നാണ് അണികളുടെ വികാരമെന്ന് എസ്ഡിപിഐ വൃത്തങ്ങൾ പറഞ്ഞു. ഇടതു–വലതു മുന്നണികൾ തങ്ങളെ കറിവേപ്പിലയാക്കുന്ന സമീപനമാണ് സ്ഥീകരിക്കുന്നത്. ബിജെപിയുടെ വരവ് തടയാൻ, ഇടതു– വലതു   മുന്നണികളിൽ ആരെങ്കിലും സ്ഥാനാർത്ഥികളെ പിൻവലിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് എസ്ഡിപിഐക്ക്.

എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചനപുറത്ത് വന്നതോടെ മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് പ്രതിരോധത്തിലായി. ഇത്തവണ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ യുഡിഎഫിൽ മുസ്ലീം ലീഗിന് 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രം നിയമസഭ കണ്ട മണ്ഡലമാണ് മഞ്ചേശ്വരം.

എസ്ഡിപിഐ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് മുസ്ലീം ലീഗിന് വലിയ തിരിച്ചടിയാവും. എസ്ഡിപിഐ പിടിക്കുന്ന വോട്ടുകൾ മുസ്ലീം ലീഗിന് ക്ഷീണമുണ്ടാക്കുമെന്നുറപ്പാണ്. എസ്ഡിപിഐ സ്ഥാനാർത്ഥിത്വം ഇടതു മുന്നണിയും  ചെറുതായെങ്കിലും വോട്ട് ചോർച്ചയുണ്ടാക്കും. എസ്ഡിപിഐ സ്ഥാനാർത്ഥി ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുകയും ചെയ്യും. 

LatestDaily

Read Previous

ഉദുമ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ കലാപം

Read Next

സമീറ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് 1.10 കോടിയുടെ സ്വർണ്ണം