രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച അവതാരകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച സീ ടിവി അവതാരകൻ രോഹിത് രഞ്ജന്‍റെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്.

ഒരേ കുറ്റത്തിന് വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രോഹിത് രഞ്ജന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ടിടി ആന്‍റണി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഒരേ കുറ്റത്തിന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അവയെ ഒരുമിച്ച് ചേർത്ത് ഒരൊറ്റ കേസായി കേൾക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് അറ്റോർണി ജനറൽ മുഖേന സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.

ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ രോഹിത് രഞ്ജനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ഒരുമിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് രഞ്ജൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ രോഹിത് രഞ്ജന് ജാമ്യം ലഭിച്ചിരുന്നു. ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ രോഹിത്തിനെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് വിവാദമായിരുന്നു.

K editor

Read Previous

ടി-20 ലോകകപ്പിന് ഇനി 100 ദിവസം; ഐസിസി കൗണ്ട് ഡൗൺ ആരംഭിച്ചു

Read Next

എല്ലാവർക്കും നന്ദി; നാട്ടിലേക്കു മടങ്ങി സഞ്ജു സാംസൺ