ഭാരത് ജോഡോ യാത്രയിൽ സവർക്കറുടെ ചിത്രം; ഐഎൻടിയുസി നേതാവിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നത്. വിവാദത്തെ തുടർന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഈ ചിത്രത്തിന് മുകളിൽ വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

പ്രാദേശിക പ്രവർത്തകനാണ് ഫ്ലെക്സ് സ്ഥാപിച്ചതെന്നായിരുന്നു വിശദീകരണം. ഇതിനായി ഒരു കടയുടമയെ സമീപിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ പതിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ അത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായും നേതാക്കൾ പറഞ്ഞു.

രബിന്ദ്രനാഥ് ടാഗോർ, അബ്ദുൽ കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. യാത്ര അത്താണിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇത് മറച്ചിരുന്നു. സംഭവത്തിൽ ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്.

K editor

Read Previous

കണ്ണൂർ ജയിലിൽ കഞ്ചാവെത്തിച്ചത് കാസർകോട് വാഹനത്തിൽ

Read Next

സംസ്ഥാനത്തെ ആദ്യ വൈഫൈ സംവിധാനമുള്ള അങ്കണവാടിയായി നെല്ലിക്കാപറമ്പ് അങ്കണവാടി