കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവർ

കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഏറ്റവുമൊടുവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സിക്രട്ടറി കേരളത്തിന്റെ ചീഫ് സിക്രട്ടറിക്കയച്ച കത്തിനെച്ചൊല്ലിയാണ് അദ്ദേഹം വിവാദമുയർത്തിയിരിക്കുന്നത്.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങളിൽ സംതൃപ്തി അറിയിച്ചാണ് വിദേശകാര്യ മന്ത്രാലയം ചീഫ് സിക്രട്ടറിക്ക് കത്തെഴുതിയതെന്ന് കേരളം പറയുമ്പോൾ കേരളത്തിൽ നിന്നുള്ള വിദേശകാര്യ സഹമന്ത്രി കേന്ദ്രം കേരളത്തെ അഭിനന്ദിച്ചില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടി പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കേണ്ട കേന്ദ്രമന്ത്രി ഇത്തരത്തിലൊരു സമീപനം സ്വീകരിക്കുന്നത് ശരിയോണോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.

പ്രത്യേകിച്ച് അദ്ദേഹം കേരളത്തിൽ നിന്നുള്ള വിദേശകാര്യ സഹ മന്ത്രി കൂടിയാകുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കണ്ണും പൂട്ടി എതിർക്കുക എന്നതാണ് തന്റെ ധർമ്മമെന്ന നിലയിലാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ പെരുമാറുന്നതെന്ന്  വേണം കരുതാൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് കൂടിയായ മന്ത്രി ഇക്കാര്യത്തിൽ കുറച്ച് അവധാനതയോടെ പെരുമാറുന്നത് നല്ലതായിരിക്കും.

നല്ലത് കണ്ടാൽ നല്ലതെന്ന് പറയാനും, മോശമായ കാര്യങ്ങൾക്കെതിരെ പ്രതികരിക്കാനുമുള്ള ആർജ്ജ  വമാണ് ഒരു നല്ല രാഷ്ട്രീയ പ്രവർത്തകന്റെ ലക്ഷണം. നിർഭാഗ്യവശാൽ കേരളത്തിലുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളിൽ  ഭൂരിഭാഗവും ഈ ഗണത്തിൽപ്പെടുന്നവരല്ല എന്നതാണ് യാഥാർത്ഥ്യം. ഭരണകക്ഷിയിൽപ്പെട്ടവരും ചിലരും ഇതിൽ നിന്നും വ്യത്യസ്തമല്ല.

വളരെ ജാഗ്രതയോടെ  പ്രവർത്തിക്കേണ്ട കാലത്ത് രാഷ്ട്രീയ വിഴുപ്പലക്കൽ നടത്തുന്ന എല്ലാ രാഷ്ട്രീയക്കാരും കേരളത്തിന് സംഭാവന ചെയ്യുന്നത് അത്ര നല്ല സന്ദേശങ്ങളല്ല എന്ന് തിരിച്ചറിയേണ്ടത് തന്നെയാണ്.

കോവിഡ് ഭീതി ഒഴിയുന്നത് വരെയെങ്കിലും സ്വയം രാഷ്ട്രീയ വിശ്വാസങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ച് ഒന്നിച്ചുനിന്ന് പ്രവർത്തിക്കുകയാണ് കേന്ദ്രമന്ത്രിയടക്കമുള്ളവർ ചെയ്യേണ്ടത്. കേരള സർക്കാരും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടതാണ്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾ തങ്ങളുടെ സ്ഥാനത്തിനും നിലയ്ക്കും ചേർന്നതാണോ ന്ന് ഓരോ രാഷ്ട്രീയ നേതാക്കളും ആത്മപരിശോധന നടത്തുന്നത് ന്നനായിരിക്കും. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുകയല്ല ചെയ്യേണ്ടത്.

LatestDaily

Read Previous

പാഴ്‌വസ്തുക്കളിൽ ദൈവങ്ങളെ കണ്ടെത്തിയ കലാവിരുത്

Read Next

അപരവത്കരിക്കപ്പെടുന്ന പ്രവാസി