സത്യസായി സൗജന്യ വീടിന് യൂത്ത് കോൺഗ്രസ് നേതാവ് പണം പറ്റി

വഞ്ചനയിൽ യുവ അഭിഭാഷകനും പങ്കാളി

കാഞ്ഞങ്ങാട്: ഇരിയ കാട്ടുമാടത്ത് സത്യസായി ട്രസ്റ്റ് പാവങ്ങൾക്ക് നൽകിയ സൗജന്യ വീടുകളുടെ മറവിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവും, ഒരു അഭിഭാഷകനും ലക്ഷങ്ങൾ അടിച്ചെടുത്തു. പുല്ലൂർ-പെരിയ പഞ്ചായത്തിലെ കാട്ടുമാടം പരിസരത്ത് താമസിക്കുന്ന മുപ്പതുകാരൻ യൂത്ത് കോൺഗ്രസ് ഭാരവാഹിസുമിതാണ് ട്രസ്റ്റ് സൗജന്യമായി നൽകിയ വീടിന് 35,000 രൂപ വീതം വീടു അനുവദിച്ചു കിട്ടിയവരോട് വാങ്ങിയത്. ഇതിന്റെ  പിറകിൽ ഒരു  യുവ അഭിഭാഷകൻ ചരടുവലിക്കുകയും ചെയ്തു.

അജാനൂർ ഇട്ടമ്മലിൽ താമസിക്കുകയായിരുന്ന സത്യന്റെ മകൻ സുജിത്തിന് 23, സ്വന്തം മാതുലൻ അനിൽകുമാർ കിഡ്നി ദാനം ചെയ്തിരുന്നു. കിഡ്നി മാറ്റിവെക്കപ്പെട്ട യുവാവെന്ന പരിഗണനയിലാണ് കാട്ടുമാടത്തുള്ള സായിഗ്രാമത്തിൽ ഒരു വീടു നൽകാൻ സത്യസായി ട്രസ്റ്റ് മുന്നോട്ടു വന്നത്. സുജിതിന് വൃക്ക ദാനം ചെയ്ത മാതുലൻ അനിൽകുമാറിന് സായി ഗ്രാമത്തിൽ പാചകക്കാരനായി ജോലിയും വീടും നൽകാമെന്ന് പറഞ്ഞാണ് യൂത്ത് കോൺഗ്രസ് നേതാവ് അനിലിന്റെ ഭാര്യ പ്രീതിയോട് 35000 രൂപ കൈപ്പറ്റിയത്. പ്രീതി മടിക്കൈ സ്വദേശിനിയാണ്. പണം കൈപ്പറ്റിയിട്ടും  വീടു കിട്ടാതിരുന്ന പ്രീതി  പണം തിരിച്ചു കിട്ടാൻ യൂത്ത് നേതാവിന് എതിരെ ഹൊസ്ദുർഗ്ഗ് ഐപി ആയിരുന്ന കെ. വിനോദ്കുമാറിന് പരാതി നൽകിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ വിളിപ്പിച്ചുവെങ്കിലും, നേതാവ് സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനാൽ പോലീസ് കാട്ടുമാടത്തുള്ള യുവ നേതാവിന്റെ വീട്ടിലെത്തിയാണ് നേതാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

പ്രീതിക്ക് വീടു നൽകാമെന്ന് പറഞ്ഞ് വാങ്ങിയ 35000 രൂപ തിരിച്ചു കൊടുത്തില്ലെങ്കിൽ, കേസ്സ് റജിസ്റ്റർ ചെയ്യുമെന്ന് പോലീസ് പറഞ്ഞപ്പോഴാണ് യൂത്ത് നേതാവ് വാങ്ങിയ പണം പിറ്റേന്ന് സ്റ്റേഷനിലെത്തിച്ചത്. പോലീസ് ഈ തുക പ്രീതിക്ക് കൈമാറുകയും ചെയ്തു. സത്യസായി ട്രസ്റ്റ് കാഞ്ഞിരടുക്കത്ത് നിർമ്മാണമാരംഭിച്ച അമ്മയും കുഞ്ഞും ധർമ്മാശുപത്രിയിലേക്കുള്ള റോഡിലാണ് കാട്ടുമാടം  സായിഗ്രാമം.

സായി ട്രസ്റ്റിൽ അംഗമായിരുന്ന ഹൊസ്ദുർഗ്ഗ് ബാറിലെ അഭിഭാഷകനെ ട്രസ്റ്റിൽ നിന്ന്  പിന്നീട് പുറത്താക്കിയത് സായിഗ്രാമത്തിൽ വീട് മോഹിപ്പിച്ച് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ്. പ്രീതിയിൽ നിന്ന് പണം പറ്റിയ യൂത്ത് നേതാവ് ആ പണം  യുവതിക്ക് തിരിച്ചു നൽകിയത് ഒരു വർഷത്തിന് ശേഷമാണ്. സായി ട്രസ്റ്റിന്റെ ധർമ്മാശുപത്രി നിർമ്മാണം ഇപ്പോഴും പാതി വഴിയിലാണ്. ആശുപത്രി നിർമ്മാണത്തിന് ആദ്യ ഘട്ടമെന്ന നിലയിൽ  സായി ട്രസ്റ്റ് 30 കോടി രൂപ അനുവദിച്ചിരുന്നു.

ബംഗളൂരു ആസ്ഥാനമായ ടാറ്റ കമ്പനിക്കാണ് 15 നിലകളിൽ പണിയാൻ പ്ലാൻ തയ്യാറാക്കിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ കരാർ ഏൽപ്പിച്ചിരുന്നത്. അവർ സബ് കരാർ എന്ന നിലയിൽ മറ്റൊരു ഏജൻസിയായ ആർഎംകെ ഗ്രൂപ്പിന് നിർമ്മാണം കൈമാറി. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം  2 മാസം പിന്നിട്ടപ്പോൾ, ജോലിക്കാരെ ഘട്ടം ഘട്ടമായി ആർഎംകെ കമ്പനി പിൻവലിച്ചതോടെ ആശുപത്രി നിർമ്മാണം പൂർണ്ണമായും മുടങ്ങിയിട്ട് ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞു.

LatestDaily

Read Previous

അമേരിക്കയും ലോകാരോഗ്യ സംഘടനയും

Read Next

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഇന്ന് തുറക്കും; എതിര്‍പ്പുമായി ബി.ജെ.പിയും സംഘപരിവാറും