സരിതനായരെ കാഞ്ഞങ്ങാട് ജയിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി

21/06/2013 – ALAPPUZHA: Saritha S Nair who was arrested in the Solar Panel Fraud case – Express Photo. [Kerala, Saritha S Nair, Solar Panel Fraud Case, Team Solar Scam, Crime]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് തോയമ്മൽ കാസർകോട് ജില്ലാ ജയിലിൽ നിന്നും സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത നായരെ ഇന്നലെ വൈകിട്ട് ഹോസ്ദുർഗ്ഗ് പോലീസിന്റെ അകമ്പടിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.  തിരുവനന്തപുരത്തെത്തിച്ച സരിതയെ ഹോസ്ദുർഗ്ഗ് പോലീസ് ഇന്ന് രാവിലെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കാഞ്ഞങ്ങാട് ജയിലിൽ നിന്നും തിരുവനന്തപുരം ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സരിതയെ പോലീസ് തിരുവനന്തപുരം കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട്ട് കേന്ദ്രീകരിച്ച് നടന്ന സോളാർ തട്ടിപ്പു കേസിൽ വാറന്റ് പ്രകാരം ഒരാഴ്ച മുമ്പ് കോഴിക്കോട് പോലീസ് തിരുവനന്തപുരത്തെ വീട്ടിൽ സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത സരിതയെ പിന്നീട് കോഴിക്കോട് ജയിലിൽ നിന്നും കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റുകയാണുണ്ടായത്.

നടക്കാവ് സെന്റ് വിൻസെന്റ് കോളനി ഹാജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് 42.7 ലക്ഷം രൂപ തട്ടിയ കേസിൽ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സരിതയെ കഴിഞ്ഞ 27-ന് ആറ് വർഷം തടവിന് ശിക്ഷിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. കാഞ്ഞങ്ങാട് ജയിലിൽ നിന്നും കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെത്തിച്ച സരിതയെ ശിക്ഷാ വിധിയുണ്ടായതിനെത്തുടർന്ന് വീണ്ടും കാഞ്ഞങ്ങാട് ജയിലിൽ പാർപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് സരിതയെ കാഞ്ഞങ്ങാട്ട് നിന്നും തിരുവനന്തപുരം ജയിലിലേക്ക് മാറ്റാൻ നിർദ്ദേശമുണ്ടായത്.

ഇന്നലെ വൈകിട്ട് ട്രെയിൻ മാർഗ്ഗം കാഞ്ഞങ്ങാട്ട് നിന്നും സരിതയെ തിരുവനന്തപുരത്തെത്തിക്കാനായിരുന്നു പോലീസ് തലപ്പത്ത് നിന്നും ആദ്യമെത്തിയ നിർദ്ദേശം. എന്നാൽ ട്രെയിൻ മാർഗ്ഗം പോകാൻ സരിത വിസ്സമ്മതം പ്രകടിപ്പിച്ചു. സരിതയെ ട്രെയിൻ മാർഗ്ഗം കൊണ്ടു പോകുന്നത് ഒഴിവാക്കാൻ സമ്മർദ്ദമേറിയതോടെ സുരക്ഷാ കാരണങ്ങൾ കൂടി മുൻനിർത്തി ഒടുവിൽ പോലീസിന്റ പ്രത്യേക വാഹനത്തിൽ തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. ഹോസ്ദുർഗ്ഗിലെ രണ്ട് വനിതാ പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ സരിതയെ തിരുവനന്തപുരത്തേക്ക് അനുഗമിച്ചു.

LatestDaily

Read Previous

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കള്ളപ്പുലി വനപാലകരുടെ ക്യാമറയിൽ കുടുങ്ങി

Read Next

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ സംസ്ഥാന നേതാവിന്റെ പങ്ക് അന്വേഷിക്കും