ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൊഴികളിൽ അന്വേഷണം തുടരുന്നതിനാൽ രഹസ്യമൊഴിയുടെ പകർപ്പ് ബന്ധപ്പെട്ട ഏജൻസിക്ക് മാത്രമേ അവകാശപ്പെടാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. സരിത കേസിലെ മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സരിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെയാണ് ഇതേ ആവശ്യവുമായി സരിത എസ് നായർ ഹൈക്കോടതിയെ സമീപിച്ചത്.
സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിൽ താൻ സാക്ഷിയാണെന്നും രഹസ്യമൊഴിയിൽ തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സരിത മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടത്. സ്വപ്ന നൽകിയ മൊഴി പൊതുരേഖയാണോ എന്ന കാര്യത്തിൽ നിയമപ്രശ്നം ഉയർന്നതിനെ തുടർന്ന് നേരത്തെ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു.