ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: ജീവിതമവസാനിപ്പിച്ച മടിക്കൈ പെൺകുട്ടി സാനിയ മടിക്കൈ ഹൈസ്കൂളിൽ അറിയപ്പെടുന്ന നാടൻപാട്ടുകാരി. സ്റ്റുഡന്റ് പോലീസ് കാഡറ്റായ ഈ പതിനാലുകാരി പഠനത്തിലും മിടുക്കിയായിരുന്നു. സാനിയയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് ആരോപിക്കുന്ന അയൽക്കാരനും സാനിയയുടെ കൂട്ടുകാരനുമായ അച്ചു എന്ന അശ്വിൻ 20, പെൺകുട്ടിയുടെ മരണ ശേഷം മടിക്കൈയിൽ നിന്ന് വീടുവിട്ടു.
ഐടിഐ പഠനം കഴിഞ്ഞ അശ്വിൻ നിർമ്മാണ ജോലിക്ക് പിതാവിനൊപ്പം പോവുകയാണ്. കണിച്ചിറയിലെ ദളിത് ഗോത്ര വിഭാഗക്കാരനായ മണ്ഡേല രവിയുടെ മകനാണ്. സാനിയയ്ക്ക് വാട്ട്സാപ്പിൽ സന്ദേശമയച്ചുവെന്നതിനെച്ചൊല്ലി സാനിയയുടെ വീട്ടുകാർ അശ്വിനെ താക്കീതു ചെയ്യുകയും, പെൺകുട്ടിയെ കർക്കശ്ശമായി ശകാരിക്കുകയും, അടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മനം നൊന്താണ് സാനിയ ജൂൺ 3-ന് കണിച്ചിറ പൂവത്തടിയിലെ വീട്ടിൽ കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ചത്. മടിക്കൈ ഗവ.ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ സാനിയ, പൂവത്തടിയിലെ പ്രവാസി കരുണാകരന്റേയും പുഷ്പയുടേയും മകളാണ്.
പത്താം തരത്തിലേക്ക് ജയിച്ചപ്പോൾ, ഓൺലൈൻ ക്ലാസ്സിന് അത്യാവശ്യമായി വന്നതിനാൽ, ഈയിടെയാണ് പിതാവ് കരുണാകരൻ മകൾക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനിച്ചത്. സാനിയയുടെ വീടിനടുത്താണ് അശ്വിന്റെ വീട്. അശ്വിൻ വീടുവിട്ടതു സംബന്ധിച്ച് പോലീസിൽ ഇന്നലെ വരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത സാനിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് കണിച്ചിറയിലെത്തിച്ച് സംസ്ക്കരിച്ചു.
പെൺകുട്ടിയുടെ ആത്മഹത്യയിൽ നടുങ്ങി നിൽക്കുകയാണ് മടിക്കൈ പ്രദേശം. സാനിയയുടേതായി ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പെൺകുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ഹൊസ്ദുർഗ്ഗ് വനിതാ സബ് ഇൻസ്പെക്ടർ അജിത വെളിപ്പെടുത്തി. അശ്വിന്റെ പിതാവ് രവിയെ നാട്ടുകാർ മണ്ഡേല രവിയെന്നാണ് വിളിക്കാറുള്ളത്.
ദളിത് കോളനിയിൽ ആദ്യം താമസിച്ചു വന്നിരുന്ന രവി മക്കൾ കോളനി സംസ്ക്കാര ജീവിതത്തിൽ വളരാതിരിക്കാൻ പറക്കളായി ഭാഗത്ത് സ്വന്തമായി വീടു പണിത് ആ വീട്ടിലാണ് താമസം. ഭാര്യ കണ്ണൂർ സ്വദേശിനിയാണ്. ഭാര്യയുടെ കുടുംബത്തിലുള്ളവരും മറ്റും വിദ്യാസമ്പന്നരും നല്ല നിലയിലുമാണ്. സാനിയ ആത്മഹത്യ ചെയ്ത ജൂൺ 3-ന് ബുധനാഴ്ച ഉച്ചയ്ക്ക് പെൺകുട്ടി പഴുത്ത മാങ്ങ മുറിച്ച് പിതാവ് കരുണാകരനും സഹോദരൻ സനലിനും നൽകിയിരുന്നു. മാങ്ങ തിന്ന ശേഷം സാനിയയെ വീട്ടിൽ തനിച്ചാക്കി പിതാവ് കരുണാകരനും, സഹോദരൻ സനലും കാഞ്ഞങ്ങാട് ടൗണിലേക്ക് പോയത് ഉച്ചയ്ക്ക് 12 മണിക്കാണ്. കൃത്യം 12-40-ന് ഇരുവരും വീട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും സാനിയ സ്വന്തം കിടപ്പു മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു.