സന്ദീപ് നായർക്ക് പിന്നാലെ എൻഐഎ

തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിന് ഒളിവിലുള്ള  സന്ദീപ് നായരുടെ അറസ്റ്റ് അനിവാര്യമാകും. കൊടുവള്ളിയിലെ സ്വർണ്ണ കടത്തുകാരുമായി സന്ദീപ് നായർക്ക് അടുത്ത ബന്ധമുണ്ട്.

ഫയാസും  നബീലും നേതൃത്വം നൽകുന്ന കടത്തു സംഘത്തിലെ തിരുവനന്തപുരം  പ്രധാനിയാണ് സന്ദീപ്. പ്രമുഖ സിപിഎം നേതാവിന്റെ മകനുമായും സന്ദീപ് നായർക്ക് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്തെ കാർ, ഫർണ്ണിച്ചർ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം. ഈ സ്ഥാപനങ്ങൾക്ക് സ്വർണ്ണക്കടത്തിലുള്ള ബന്ധവും അന്വേഷിക്കും. സന്ദീപിന്റെ കൂടെ സ്വർണക്കടത്തിൽ പരിശീലനം ലഭിച്ച 10 പേരെങ്കിലുമുണ്ട്.

മലപ്പുറം, കോഴിക്കോട് മേഖലയിലെ മാഫിയയുടെ തിരുവനന്തപുരത്തെ കണ്ണിയാണ് സന്ദീപ് നായർ. തിരുവനന്തപുരത്തെ കടത്തിന് എല്ലാ സാഹചര്യവും ഒരുക്കുന്ന ത് സന്ദീപാണ്.

6 മാസത്തിനിടെ 7 തവണ സന്ദീപ് സ്വർണം കടത്തിയതായാണു സംശയം. ബാലാഭാസ്‌കറിന്റെ മരണവും പിന്നീട് സുഹൃത്തുക്കൾ സ്വർണ്ണ കടത്തിൽ പെട്ടതും ഏറെ വിവാദമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾക്ക് പിന്നിലും സന്ദീപുണ്ടെന്നാണ് സൂചന. 

ഇവർ പിടിക്കപ്പെട്ട ശേഷം പുതിയ വഴികൾ തേടി. ഇതിനിടെയാണ് നയതന്ത്ര കടത്ത് അതിശക്തമായത്. നയതന്ത്ര പാഴ്‌സൽ വഴി കടത്താനുള്ള വഴി തുറന്നു കിട്ടിയതോടെ എളുപ്പമായി. ലോക്ഡൗൺ സമയത്തു പോലും 4 തവണ സ്വപ്നയും സരിത്തും സന്ദീപും സ്വർണ്ണമെത്തിച്ചെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു.

സ്വർണ്ണക്കടത്തിന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത്  പരിശീലനം നൽകുന്നതും സന്ദീപാണ്. എസ് കെ പി ഫർണ്ണിച്ചർ എന്ന കടയിലെ ഡ്രൈവറായിരുന്നു സന്ദീപ്. അവിടെ നിന്നാണ് വളർച്ച. എസ് കെ പി ഗ്രൂപ്പിലെ മക്കളിൽ ഒരാളുടെ ഡ്രൈവറായിരുന്നു സന്ദീപ്. അതിന് മുമ്പ് തന്നെ സന്ദീപ് സ്വർണ്ണ കടത്ത് തുടങ്ങിയിരുന്നു. 2014-ൽ ദുബായിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇബ്രാഹിംകുട്ടി എന്ന യാത്രക്കാരനിൽ സംശയം തോന്നി കസ്റ്റംസ് പരിശോധിച്ചപ്പോൾ ബാഗിൽ ഇലക്ട്രോണിക് സാധനത്തിൽ ഒളിപ്പിച്ച് 3.5 കിലോ സ്വർണ്ണം. ഇതിന്റെ തുടർച്ചയായി സന്ദീപും പിടിയിലാകേണ്ടതായിരുന്നു.

പൂജപ്പുരയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയപ്പോൾ സന്ദീപ് ഒളിവിൽ പോയി. 4 മാസത്തിനുശേഷം മുൻകൂർ ജാമ്യം തേടി. കോടതിയുടെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തു. തെളിവായി തൊണ്ടിയില്ലാത്തതിനാൽ ശിക്ഷിക്കപ്പെട്ടില്ല.

അന്ന് സന്ദീപിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് പിടികൂടിയ സമയം വിളിച്ചത്  ദുബായിൽ നിന്നാണെന്ന്  വ്യക്തമായിരുന്നു. കേരളത്തിലെ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന റമീസ് എന്ന അധോലോകസംഘത്തലവനെയാണ്  ഇയാൾ വിളിച്ചത്.

ഫയാസും നബീലും അടക്കമുള്ളവരുടെ ബോസാണ് ഇതിനൊപ്പം സന്ദീപ് വിളിച്ചത്  മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും തലവന്മാരെയായിരുന്നു. ഈ അന്വേഷണം അന്ന് മുമ്പോട്ട് പോയില്ല. പിന്നീട് അതിവേഗമായിരുന്നു സന്ദീപിന്റെ സാമ്പത്തിക വളർച്ച. തലസ്ഥാന നഗരിയിൽ പലരുമായും അടുപ്പമുള്ളയാളാണ് സന്ദീപ് നായർ.  അരലക്ഷത്തിനു മുകളിൽ വില മതിക്കുന്ന മൊബൈലുകളാണ് സന്ദീപ് വിറ്റഴിക്കാൻ ശ്രമിച്ചത്.

ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രീറ്റ്ലിങ് വാച്ചുകളാണ് സന്ദീപ് ധരിച്ചിരുന്നത്. എവിടെ നിന്നാണ് വിലപിടിപ്പുള്ള മൊബൈലുകൾ ലഭിക്കുന്നതെന്ന് സന്ദീപ് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അവിടെ നിന്ന് പിന്നെ കണ്ണഞ്ചിക്കുന്ന വേഗതയിലാണ് സന്ദീപിന്റെ വളർച്ച. സന്ദീപ് സുഹൃദ് സദസുകളിൽ നിന്നും പിന്നീട് അപ്രത്യക്ഷനായി. സന്ദീപിനെക്കുറിച്ച് പിന്നീട് പലർക്കും വിവരം ലഭ്യമായിരുന്നില്ല. ആ സമയം തന്നെ സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് പ്രതിചേർക്കപ്പെട്ടിരുന്നു.

സ്വാധീന ശക്തിയുള്ളവരുമായി ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കനായിരുന്നു സന്ദീപ്. ഈ ബന്ധങ്ങൾ തന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി സന്ദീപ് മടിച്ചിരുന്നുമില്ല.

സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കർ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്.  കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു.

സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചടങ്ങിന് ക്ഷണിച്ചത്.

LatestDaily

Read Previous

സ്വപ്ന കടത്തിയത് 200 കോടിയുടെ സ്വർണ്ണം

Read Next

കേരള രാഷ്ട്രീയം ചൂട് പിടിക്കുന്നു, വിവാദ സ്വർണ്ണക്കടത്തിൽ കൊണ്ടും കൊടുത്തും ഇരു മുന്നണികളും