ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാരാരിക്കുളം: കെട്ടിടം പൊളിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണൽ കടത്തുന്നുവെന്ന് ആരോപിച്ച് ലോറികളും മണ്ണുമാന്തികളും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രങ്ങളും ലേലം ചെയ്തവരുടെ നേതൃത്വത്തിലാണ് ടോറസ് ലോറികളിൽ വൻതോതിൽ മണൽ കടത്തുന്നതെന്ന് പരാതി ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.സംഗീത പറഞ്ഞു. അതേസമയം, മണൽക്കടത്ത് പരാതിയിൽ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ മണൽ കടത്ത് തടഞ്ഞതിനെ തുടർന്ന് എ.ഡി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എ.ഡി.എം സന്തോഷ് കുമാർ, തഹസിൽദാർ വി.സി ജയ എന്നിവരടങ്ങിയ സംഘം ജനപ്രതിനിധികളുമായും ചർച്ച നടത്തി. ഭൂനിരപ്പിൽ നിന്ന് വളരെ ആഴത്തിൽ മണൽ കുഴിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു. തുടർന്ന് വില്ലേജ് ഓഫീസറോട് അടിയന്തര റിപ്പോർട്ട് നൽകാനും കലക്ടറുടെ സാന്നിധ്യത്തിൽ കരാറുകാരനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേരുവാനും തീരുമാനിച്ചു.
ജിയോളജി വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷം ഇവിടെ നിന്ന് എടുക്കുന്ന മണലിന്‍റെ അളവും വിലയും നിശ്ചയിക്കണമെന്നും കരാറുകാരനിൽ നിന്ന് ഇത് ഈടാക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി 50 സെന്‍റ് സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മതിൽ പൊളിച്ചപ്പോൾ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ തറനിരപ്പിൽ വളരെ താഴ്ന്ന നിലയിൽ കുഴിച്ചാണ് മണൽ കടത്തിയതെന്ന് കണ്ടെത്തിയതായി പ്രസിഡന്‍റ് പറഞ്ഞു.
മണൽ കടത്തിയെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം പൊലീസ് ലോറികൾ തടഞ്ഞിരുന്നു. എന്നാൽ, ലോറി പരിശോധിച്ച വില്ലേജ് ഓഫിസർ, മണൽ കലർന്ന കെട്ടിടാവശിഷ്ടങ്ങളാണെന്ന് പറഞ്ഞതിനാൽ ഈ ലോറികള്‍ ബുധനാഴ്ച വിട്ടയക്കുകയായിരുന്നു. വൈസ് പ്രസിഡന്‍റ് വി. സജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. എസ്. ശാരിമോൾ, പഞ്ചായത്ത് അംഗങ്ങളായ സി. എസ്. ജയചന്ദ്രൻ, രജിമോൾ ശിവദാസ്, എസ്. പ്രസന്ന എന്നിവരും ഒപ്പമുണ്ടായിരുന്നു.