ശുദ്ധജലം കരയിലുള്ളപ്പോൾ നമ്പ്യാർ കമ്പനി കടൽജലം കുടിനീരാക്കുന്നു

നീലേശ്വരം: മരക്കാപ്പ് പ്രദേശത്ത് ഇഷ്ടം പോലെ ശുദ്ധജലം കരയിൽ ലഭിക്കുമ്പോൾ,   സമുദ്ര ഡ്രിങ്കിംഗ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കടൽ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന അൽഭുതം.

സമുദ്ര ജലത്തിൽ നിന്ന് ഉപ്പും, ഈ വെള്ളം ശുദ്ധീകരിച്ച് കുടിനീർ കുപ്പിവെള്ളവും വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കണിച്ചിറയിൽ ഓഫീസ് തുടങ്ങിയ സമുദ്ര കമ്പനിയുടെ തട്ടിപ്പ് ഇതിനകം തീരദേശവാസികൾക്കും ബോധ്യമായി.

പടിഞ്ഞാറ്റം കൊഴുവലിൽ താമസിക്കുന്ന സി. കെ. പി. നമ്പ്യാരാണ് സമുദ്ര കമ്പനിയുടെ ചെയർമാനും, മാനേജിംഗ് ഡയറക്ടറും.

സ്വാതന്ത്ര്യ സമര സേനാനിയും, സോഷ്യലിസ്റ്റുമായ കെ. ആർ. കണ്ണനാണ് സമുദ്ര സാൾട്ട് ആന്റ് ഡ്രിങ്കിംഗ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഫീസ് കണിച്ചിറയിൽ ഉദ്ഘാടനം ചെയ്തത്.

ഈ ഉദ്ഘാടനച്ചടങ്ങിലാണ് സമുദ്ര ഉപ്പു നിർമ്മാണ കുടിനീർ ബോട്ടിലിംഗ് സ്ഥാപനത്തിൽ പ്രദേശത്തുള്ള 400 പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി ചെയർമാൻ സി. കെ. പി. നമ്പ്യാർ വിളംബരം ചെയ്തത്്.

കമ്പനിയിൽ ജോലി തേടുന്ന ഒരാളിൽ നിന്ന് ഒരു ലക്ഷം രൂപ വീതം, 400 പേരിൽ നിന്ന് 4 കോടി രൂപ പിരിക്കാനാണ് ഈ കമ്പനിക്ക് പിന്നിലുള്ളവരുടെ ഗൂഢനീക്കം.

സമുദ്രജലം ഉപയോഗിച്ച് മരക്കാപ്പ് പ്രദേശത്ത് ഉപ്പു നിർമ്മാണം ഒരിക്കലും നടക്കില്ല. കേരള തീരത്ത് ഈ രീതിയിൽ കടൽവെള്ളം ശേഖരിച്ച് ഒരിടത്തും  ഉപ്പു നിർമ്മാണ കേന്ദ്രം കേരള തീരത്തും ചരിത്രത്തിലും ഇല്ലെന്നിരിക്കെയാണ്,  സമുദ്രജലം പമ്പു ചെയ്ത് ശേഖരിച്ച് തങ്ങൾ ഉപ്പുണ്ടാക്കുമെന്ന വൻ തട്ടിപ്പിന് സമുദ്ര കമ്പനി ഒരുക്കം കൂട്ടിയത്.

പടന്നക്കാട് മേൽപ്പാലത്തിന്റെ ട്രോൾ പിരിവു കരാറുകാരനായിരുന്ന സി. കെ. പി. നമ്പ്യാർ പിന്നീട്, തമിഴ് മുഖ്യമന്ത്രി  ജയലളിതയുടെ അമ്മ ഉപ്പിന്റെ കാസർകോട് ജില്ലയിലെ വിതരണക്കാരനായിരുന്നു.

സാമ്പത്തിക ഇടപാടുകൾ സുതാര്യമാകാതെ വന്നപ്പോൾ, അമ്മ ഉപ്പുകമ്പനി സി. കെ. പി. നമ്പ്യാരെ പുറന്തള്ളി.

പിന്നീട് ഒന്നര വർഷം മുമ്പ് കണിച്ചിറയിൽ നമ്പ്യാർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കേന്ദ്രം ആരംഭിച്ചുവെങ്കിലും, അതും പച്ച പിടിച്ചില്ല.

ഇലക്ട്രിക് സ്കൂട്ടർ വ്യാപാരത്തിൽ കണിച്ചിറയിലുള്ള  ഒരു റിട്ടയേർഡ് എസ്ഐയുടെ മകനെ പങ്കാളിയാക്കിയെങ്കിലും, നല്ലൊരു തുക ഇലക്ട്രിക് സ്കൂട്ടറിലും തുലച്ച നമ്പ്യാർ പിന്നീട് കണ്ടെത്തിയ വ്യാപാരമാണ് കടൽ വെള്ളത്തിൽ നിന്നുള്ള ഉപ്പ് നിർമ്മാണം.

ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയ്ക്ക് വേണ്ടി കണിച്ചിറയിൽ വാടകയ്ക്ക് വാങ്ങിയ മർക്കസ്് കെട്ടിട മുറിയാണ് ഇപ്പോൾ സമുദ്ര കമ്പനിയുടെ ഓഫീസാക്കി മാറ്റിയിട്ടുള്ളത്.

ഓഫീസിൽ വനിതാ റിസ്പഷനിസ്റ്റും, ജീവനക്കാരുമുണ്ടെങ്കിലും, നമ്പ്യാരുടെ ഭാവനയിൽ മാത്രമുള്ള ഉപ്പു നിർമ്മാണ ഷെഡ്ഡ് നിർമ്മിക്കാൻ ഒരു സെന്റ് ഭൂമി പോലും തീരത്ത് ഒരിടത്തും ഇതുവരെ നമ്പ്യാരുടെ കമ്പനി വാങ്ങിയിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ചെറുകിട- വൻകിട വ്യവസായ യൂണിറ്റായി ഒരു എസ്എസ്ഐ  രജിസ്ട്രേഷൻ പോലും സമ്പാദിക്കാതെ സമുദ്ര കമ്പനിയുടെ ഓഫീസ് ധൃതിപ്പെട്ട് ഉദ്ഘാടനം ചെയ്യുകയും 400 പേർക്ക് തൊഴിൽ നൽകുമെന്ന് വിളംബരം നടത്തുകയും ചെയ്തത് ജോലി തേടുന്നവരിൽ നിന്ന് 4 കോടി രൂപ കമ്പനിയുടെ പേരിൽ ഷെയർ പിരിക്കാൻ തന്നെയാണ്.

നാലു പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് എം. സി. ഖമറുദ്ദീൻ എംഎൽഏയും, ടി. കെ. പൂക്കോയ തങ്ങളും 150 കോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത.്

2000 കോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പത്തനംതിട്ട കോന്നിയിലെ പോപ്പുലർ ഫിനാൻസ് സ്ഥാപനവും കമ്പനിയായി രജിസ്റ്റർ ചെയ്ത ശേഷമാണ് പണം തട്ടിയെടുത്തത്.

പോപ്പുലർ ഫിനാൻസ് ചെയർമാൻ ഡാനിയേലും, കമ്പനിയിൽ ഡയറക്ടർമാരായ ഭാര്യ പ്രഭയും, രണ്ടു പെൺമക്കളും ജാമ്യം പോലും ലഭിക്കാതെ ഇപ്പോൾ ജയിലിലാണ്.

LatestDaily

Read Previous

ചിറ്റാരിക്കാൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ ജയിലിൽ

Read Next

മോഹൻലാൽ സുഖ ചികിൽസയിൽ