സമുദ്ര ഉപ്പുകമ്പനി സംശയ നിഴലിൽ

കാഞ്ഞങ്ങാട്: അഞ്ചുകോടി രൂപ മുതൽ മുടക്കി മരക്കാപ്പ് തീരത്ത് ആരംഭിക്കുെമന്ന് അണിയറക്കാർ കൊട്ടിഘോഷിച്ച സമുദ്ര ഉപ്പു നിർമ്മാണക്കമ്പനി സംശയ നിഴലിൽ.

കാഞ്ഞങ്ങാട് നഗരസഭ പ്രദേശമായ മരക്കാപ്പ് കടപ്പുറത്ത് ഉപ്പു നിർമ്മാണത്തിന് സ്വന്തം ഭൂമിയിൽ കെട്ടിടം പണിയുമെന്നും,  അനുബന്ധമായി സമുദ്ര എന്ന പേരിൽ  കുടിവെള്ള ബോട്ട്ളിംഗ് യൂണിറ്റ് ആരംഭിക്കുമെന്നുമാണ് സമുദ്ര സാൾട്ട് ആന്റ് ഡ്രിങ്കിംഗ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഖ്യാപനം.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിൽ താമസിക്കുന്ന സി. കെ. പത്മനാഭൻ നമ്പ്യാരാണ് സമുദ്ര ഉപ്പു കമ്പനിയുടെ ചെയർമാനും, മാനേജിംഗ് ഡയറക്ടറും. ഈ കമ്പനിയുടെ ജനറൽ മാനേജരായി അന്യ നാട്ടുകാരനായ മറ്റൊരു അറുപതുകാരനും രംഗത്തുണ്ട്.

അറബിക്കടലിൽ നിന്ന് പൈപ്പ് വഴി കടൽവെള്ളം നേരിട്ട് പമ്പ് ചെയ്ത് മരക്കാപ്പ് തീരത്ത് സ്ഥാപിക്കാൻ പോകുന്ന ഉപ്പു നിർമ്മാണ ഷെഡ്ഡിലെത്തിച്ച് ശുദ്ധീകരിച്ച് ഉപ്പും, അതോടൊപ്പം കടൽവെള്ളം ശുദ്ധീകരിച്ച് മിനറൽ വാട്ടറും വിപണിയിലിറക്കുമെന്ന്  വിളംബരം ചെയ്ത് രംഗത്തു വന്ന സമുദ്ര സ്ഥാപനത്തിന്റെ ഒരു ഓഫീസ് നീലേശ്വരം തൈക്കടപ്പുറം റോഡിൽ കണിച്ചിറ മർക്കസ്സ് കെട്ടിടത്തിൽ ആരംഭിച്ചത് സപ്തംബർ ആദ്യ ആഴ്ചയിലാണ്.

സ്വാതന്ത്ര്യസമര സേനാനി നീലേശ്വരത്തെ കെ. ആർ. കണ്ണനാണ് ഈ ഓഫീസിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചത്.

സമുദ്ര ഉപ്പ് കമ്പനി രണ്ടുമാസം മുമ്പ്  ഉപ്പിന്റെ മഹത്വം വിളിച്ചോതി കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൽ പത്രസമ്മേളനം നടത്തിയിരുന്നു. സമുദ്ര സാൾട്ട് ആന്റ് ഡ്രിങ്കിംഗ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം  സി. കെ. പി. നമ്പ്യാർ മാനേജിംഗ് ഡയറക്ടറായി കമ്പനി രജിസ്ട്രാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, 400 പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്ന് വിളംബരം ചെയ്ത ഈ സ്ഥാപനം ജില്ലാ വ്യവസായ േകന്ദ്രത്തിലും, താലൂക്ക് വ്യവസായ കേന്ദ്രത്തിലും ഈ തീയ്യതി വരെ രജിസ്റ്റർ ചെയ്യുക പോലും ചെയ്തിട്ടില്ലെന്ന് ലേറ്റസ്റ്റ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

ബഹുവർണ്ണ നിറത്തിലുള്ള ബ്രോഷർ അച്ചടിച്ച് മാനേജിംഗ് ഡയറക്ടറുടെയും, കൊച്ചിയിലുള്ള ഒരു അഭിഭാഷകന്റെയും പേരും പടവും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ബ്രോഷറിൽ, കമ്പനിയുടെ നിയമോപദേശകൻ മഞ്ചേരിയിലെ വേറൊരു  അഭിഭാഷകനാണ്. 400 പേർക്ക് തൊഴിൽ കൊടുക്കുമെന്ന് കമ്പനി ചെയർമാൻ സി. കെ. പി. നമ്പ്യാർ പ്രഖ്യാപിച്ചത് സപ്തംബർ 8-ന് കണിച്ചിറയിൽ നടന്ന ഓഫീസ് ഉദ്ഘാടനത്തിലാണ്.

കെ. ആർ. കണ്ണന് പുറമെ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി. യൂസഫ്ഹാജി, മുസ്ലീം ലീഗ് പ്രാദേശിക നേതാവ് കോട്ടപ്പുറത്തെ ഇബ്രാഹിം പറമ്പത്ത്, സി. എം. നാരായണൻ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചിരുന്നു.

400 പേർക്ക് തൊഴിൽ കൊടുക്കുമെന്ന സമുദ്രയുടെ പ്രഖ്യാപനത്തിന് പിന്നിലുള്ള രഹസ്യം സമുദ്ര കമ്പനിയിലേക്ക് നാട്ടുകാരിൽ നിന്നും, പ്രവാസികളിൽ നിന്നും, സമ്പന്നരിൽ നിന്നും ആരംഭിക്കാത്ത കമ്പനിയുടെ പേരിൽ ഷെയർ  പിരിക്കുക എന്നതാണ്. 

4 കോടി രൂപ ഷെയർ പിരിക്കാനുള്ള പുറപ്പാടുകൾ കമ്പനി നടത്തി വരുമ്പോഴും, ഉപ്പു നിർമ്മാണത്തിന് ഷെഡ്ഡ് പണിയാൻ, മരക്കാപ്പ് തീരത്ത് ഇന്നുവരെ 5 സെന്റ് ഭൂമി പോലും കമ്പനി സ്വന്തമായി വാങ്ങിയിട്ടില്ല.  ഫാഷൻ ഗോൾഡ് മാതൃകയിൽ ജനങ്ങളിൽ നിന്ന് കോടികൾ പിരിക്കാനുള്ള ഗൂഢനീക്കമാണ് സമുദ്ര കമ്പനി നടത്തി വരുന്നത്.

LatestDaily

Read Previous

യുഡിഎഫ്–എൽഡിഎഫ് സംഘട്ടനം 11 പേർക്കെതിരെ കേസ്

Read Next

തെയ്യം കലയുടെ കുലപതി വിടവാങ്ങി