രോഹിണിക്കും വേണം സ്വന്തമായൊരു വീട്

കാഞ്ഞങ്ങാട്: അർഹതപ്പെട്ട ഭൂമിയുണ്ടായിട്ടും അത് ലഭിക്കാത്തതിനാൽ ഒരു കുടുംബം വീടു വെക്കാൻ സ്ഥലമില്ലാതെ കൂരയിൽക്കഴിയുന്നു. മാണിക്കോത്ത് കുന്നുമ്മലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ രോഹിണിക്കും കുടുംബത്തിനുമാണ് ഈ ദുർവിധി. അജാനൂർ മാണിക്കോത്ത് കുന്നുമ്മൽ വെള്ളച്ചിയുടെ മകൻ കുന്നുമ്മൽ കുഞ്ഞിരാമന്റെ കൂടി അവകാശപ്പെട്ട അജാനൂർ വില്ലേജിലെ സ്ഥലം തറവാട്ട് ക്ഷേത്രത്തിനായി മാറ്റിവെച്ച് ട്രസ്റ്റ് രൂപീകരിച്ചത് 2003-ലാണ്. ട്രസ്റ്റ് രൂപീകരണത്തോടെ കുഞ്ഞിരാമന് സ്വത്തിന് അവകാശമില്ലാതെയായി. കുടുംബട്രസ്റ്റ് രൂപീകരിച്ചത് കുഞ്ഞിരാമന്റെ അറിവോടെയല്ലെന്നാണ് ഭാര്യ രോഹിണിയും മക്കളായ രാജേഷ്, രാജശ്രീ എന്നിവരും ആരേപിക്കുന്നത്. കുടുംബട്രസ്റ്റ് രൂപീകരിച്ചുണ്ടാക്കിയ വ്യവസ്ഥാപത്രത്തിൽ ഭർത്താവറിയാതെ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നുമാണ് രോഹിണിയുടെ പരാതി. മാണിക്കോത്തെ കുന്നുമ്മൽ തറവാട്ടിലെ അംഗമായിരുന്ന കുഞ്ഞിരാമൻ വൃക്ക സംബന്ധമായ രോഗത്തെത്തുടർന്നാണ് മരിച്ചത്. ക്യാൻസർ രോഗബധിതയായ രോഹിണിക്ക് സ്വന്തമായി ഒരു വീട് കെട്ടി ജീവിക്കണമെന്നാണ് ആഗ്രഹം. അതിന് ഭർത്താവിന്റെ തറവാട്ടിലുള്ളവർ സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. കഴിഞ്ഞ 37 വർഷക്കാലമായി ഭർത്താവിന്റെ തറവാട്ട് സ്ഥലത്ത് കൂര കെട്ടി താമസിക്കുന്ന ഇവർക്ക് വീട് കെട്ടാനുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ സ്ഥലം സ്വന്തമായി ലഭിക്കണം. ഭർതൃമാതാവിന് അവകാശമുള്ള തറവാട്ട് വക ഭൂമിയിൽ നിന്നും തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കണമെന്നാണ് രോഹിണിയുടെയും കുടുംബത്തിന്റെയും  ആവശ്യം. ഈയാവശ്യം ചൂണ്ടിക്കാട്ടി ഇവർ റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും, തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിക്ക് മുമ്പാകെ 2018ൽ രോഹിണി പരാതി സമർപ്പിച്ചിരുന്നെങ്കിലും, ഇതുവരെ ഇവർക്കനുകൂലമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇവർ കഴിഞ്ഞ 35 വർഷത്തിലധികമായി അജാനൂർ ഗ്രാമത്തിലെ 351/8 സർവ്വേ നമ്പറിൽ സ്ഥിര താമസമാണെന്ന് അജാനൂർ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന രോഹിണിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തടസ്സം ഇവരുടെ ഭർത്താവ് കുന്നുമ്മൽ കുഞ്ഞിരാമനടങ്ങുന്ന തറവാട്ടിലെ അംഗങ്ങളാണ്.

LatestDaily

Read Previous

ചക്ക വീണ് ഗുരുതര പരിക്കേറ്റയാൾ കോവിഡ് മുക്തനായി

Read Next

മദ്യവിതരണം സ്മാർട്ടായി