റോഡ് നിയമം പഠനവിഷയമാക്കും; പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠങ്ങൾ ഉൾപ്പെടുത്താനാണ് ശുപാർശ. ഇതിനായി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പാഠ്യപദ്ധതി അടുത്തയാഴ്ച വിദ്യാഭ്യാസ വകുപ്പിന് കൈമാറും. സർക്കാർ അംഗീകരിച്ചാൽ നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം.

പ്ലസ് ടു പാസാകുന്നവർക്ക് വിദ്യാഭ്യാസ സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് സർട്ടിഫിക്കറ്റും നൽകാനാണ് പദ്ധതി. ഇതിനായി റോഡ് നിയമവും ട്രാഫിക് നിയമവും ഉൾപ്പെടെ ലേണേഴ്സ് സർട്ടിഫിക്കറ്റിന് ആവശ്യമായ എല്ലാ കാര്യങ്ങളും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിപ്പിക്കും. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. പാഠ്യപദ്ധതി ഗതാഗത മന്ത്രി ആന്‍റണി രാജു 28ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറും.

സർക്കാർ അംഗീകരിച്ചുകഴിഞ്ഞാൽ കേന്ദ്ര മോട്ടോർ ട്രാഫിക് ആക്ടിൽ മാറ്റങ്ങൾ വരുത്തണം. ഇതിനായി കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പദ്ധതി നടപ്പാക്കുന്നതിൽ രണ്ട് പ്രധാന നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ഒന്ന് ലേണേഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ നിലവിലുള്ള ക്രമക്കേടുകൾ തടയാൻ കഴിയും. മറുവശത്ത്, വിദ്യാർത്ഥികൾ തന്നെ റോഡ് നിയമങ്ങളെക്കുറിച്ച് ബോധവാൻമാരാകും.

K editor

Read Previous

രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിൽ ‘മൈസൂർ സൂ’ മൂന്നാം സ്ഥാനത്ത്

Read Next

‘ആഭ്യന്തര വകുപ്പിന്‍റെ ചുമതല ആര്‍ക്ക്’? രൂക്ഷ വിമർശനവുമായി ഗവർണർ