റഫിയാത്ത് ആത്മഹത്യയിൽ പുനരന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: നോമ്പുകാലത്ത് മെയ് 6-ന് സ്വന്തം കിടപ്പു മുറിയിൽ കെട്ടിത്തൂങ്ങി മരിച്ച സൗത്ത് ചിത്താരി യുവതി റഫിയാത്തിന്റെ 23, ദുരൂഹ മരണത്തിൽ പോലീസ് വീണ്ടും അന്വേഷണമാരംഭിച്ചു. റഫിയാത്തിന്റെ സഹോദരൻ റാഫിയും പിതൃസഹോദരൻ അബ്ദുൾ സലാമും ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് നേരിട്ടു നൽകിയ പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി. വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഈ ആത്മഹത്യാക്കേസ്സിൽ പുനരന്വേഷണം ആരംഭിച്ചത്. ഡിവൈഎസ്പി, എം.പി. വിനോദ് കഴിഞ്ഞ ദിവസം സൗത്ത് ചിത്താരിയിൽ റഫിയാത്തും കുടുംബവും താമസിച്ചിരുന്ന വീട്ടിലെത്തുകയും, യുവതിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

റഫിയാത്ത് ആത്മഹത്യ ചെയ്യാനുണ്ടായ മുഖ്യ കാരണം ഭർത്താവിന്റെ മർദ്ദനവും, ക്രൂരമായ പെരുമാറ്റവുമാണെന്ന് യുവതിയുടെ രക്ഷിതാക്കൾ പോലീസുദ്യോഗസ്ഥന് മുന്നിൽ തുറന്നു പറഞ്ഞു. മകൾ ആത്മഹത്യ ചെയ്ത ദിവസം ഗൾഫിൽ നിന്ന് ഒരു ഫോൺകോൾ അവളുടെ ഫോണിലേക്ക് വന്നിരുന്നുവെന്നും, അത്യന്തം ദുരൂഹമായ ആ ഫോൺ സന്ദേശത്തിന് ശേഷമാണ് റഫിയാത്ത് കിടപ്പുമുറിയിൽ കയറി വാതിലടച്ച് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചതെന്നും, റഫിയാത്തിന്റെ മാതാവ് ഫാത്തിമയും പിതാവ് എൻ.കെ. റഫീഖും പോലീസുദ്യോഗസ്ഥന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.

ആത്മഹത്യ ദിവസം റഫിയാത്തിന്റെ ഫോണിലേക്ക് വന്ന കോൾ ഗൾഫിൽ നിന്നാണ്. ഈ കോൾ വിളിച്ചത് കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂളിന് തൊട്ടുള്ള വീട്ടിൽ താമസിക്കുന്ന പ്രവാസി ജംഷീറാണ്. 4 വർഷം മുമ്പ് റഫിയാത്തിനെ കല്ല്യാണമാലോചിച്ച യുവാവാണ് ജംഷീർ. ജംഷീറിന് റഫിയാത്തിനെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും, യുവാവിന്റെ വീട്ടുകാർ സ്ത്രീധനമായി 90 പവൻ സ്വർണ്ണം യുവതിയുടെ രക്ഷിതാക്കളോട് ആവശ്യപ്പെട്ടതിനാലാണ് ഇരുവരുടെയും വിവാഹ ബന്ധം അന്ന് നടക്കാതെ പോയത്. റഫിയാത്തിന്റെ പിതാവ് റഫീഖ് കഴിഞ്ഞ 13 വർഷക്കാലമായി കാഞ്ഞങ്ങാട്ട് ഓട്ടോ ഓടിച്ചാണ് മൂന്ന് സഹോദരൻമാരും മകൾ റഫിയാത്തുമുള്ള കുടുംബത്തെ വളർത്തിയത്. 90 പവൻ സ്വർണ്ണത്തിനുള്ള വില 35 ലക്ഷം രൂപ പോയിട്ട് രണ്ടു പവൻ സ്വർണ്ണം പോലും വാങ്ങാൻ  കഴിവില്ലാതിരുന്ന യുവതിയുടെ കുടുംബം അവരുടെ നിസ്സഹായത വരൻ ജംഷീറിന്റെ കുടുംബത്തെ അറിയിച്ചുവെങ്കിലും 90 പവൻ സ്ത്രീധനത്തിൽ ജംഷീറിന്റെ കുടുംബം മുറുകെ പിടിച്ചതിനാൽ അന്ന് ഇരുവരുടെയും വിവാഹം നടക്കാതെ പോയി.

പിന്നീടാണ് റഫിയാത്തിനെ അജാനൂർ മുക്കൂട് സ്വദേശി ഇസ്മായിൽ വിവാഹം കഴിച്ചത്. നാലു വർഷക്കാലമായി റഫിയാത്ത് ഇസ്മായിലിന്റെ മുക്കൂട് വീട്ടിലും, യുവതിയുടെ ചിത്താരിയിലുള്ള വാടക വീട്ടിലുമായി താമസിച്ചു വരികയായിരുന്നു. ഭർത്താവ് ഇസ്മായിലിന്റെ മർദ്ദനം അസഹ്യമായതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ഒരാഴ്ച മുമ്പാണ് യുവതി തനിച്ച് ഭർതൃവീട്ടിൽ നിന്ന് ഓട്ടോ പിടിച്ച് കരഞ്ഞുകൊണ്ട് സ്വന്തം രക്ഷിതാക്കളിൽ അഭയം പ്രാപിച്ചത്. പിന്നീട് റഫിയാത്ത് ജീവിതമൊടുക്കിയ ദിവസം വരെ ഒരു നാൾ പോലും ഭർത്താവ് ഇസ്മായിൽ യുവതിയുടെ വീട്ടിലെത്തിയിരുന്നില്ല. ആത്മഹത്യ നടന്ന ദിവസം റഫിയാത്തിന് വന്ന ഫോൺ കോളും യുവതിയുടെ ആത്മഹത്യയും തമ്മിൽ വലിയ ബന്ധമുണ്ട്. എസ്പി നിയോഗിച്ച പുതിയ പോലീസ് ടീമിന്റെ അന്വേഷണം ധൃതഗതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്.

LatestDaily

Read Previous

നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു

Read Next

ഖമറുദ്ധീൻ ചെർമാനായ ട്രസ്റ്റ് 6 കോടിയുടെ സ്വത്ത് തട്ടിയെടുത്തത് 30 ലക്ഷം രൂപയ്ക്ക്