റഫിയാത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: ഡി.ശിൽപ്പ

കാഞ്ഞങ്ങാട്: ഭർത്താവിന്റെയും പ്രവാസിയായ കൂട്ടുകാരന്റെയും കടുത്ത മർദ്ദനത്തിലും, പ്രേരണയിലും ജീവിതമവസാനിപ്പിച്ച പെൺകുട്ടി റഫിയാത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി, ഡി.ശിൽപ്പ ലേറ്റസ്റ്റിനോട് പറഞ്ഞു. ചിത്താരിയിലെ യുവ ഭർതൃമതി റഫിയാത്തിന്റെ ആത്മഹത്യ ഇന്നലെ വൈകുന്നേരം ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെത്തിയ ഡി. ശിൽപ്പയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്, പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പോലീസ് മേധാവി പറഞ്ഞത്. റഫിയാത്തിന്റെ കുടുംബം തന്നെ കണ്ട് പരാതി തന്നിരുന്നു. പരാതി ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് പോലീസ് മേധാവി വെളിപ്പെടുത്തി.

പെങ്ങളുടെ ആത്മഹത്യയ്ക്കുത്തരവാദികളായവരെ സമൂഹ മധ്യത്തിൽ തുറന്നു കാണിച്ച് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റഫിയാത്തിന്റെ സഹോദരൻ റയിസാണ് പോലീസ് ചീഫിന് പരാതി നൽകിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ ഇന്നലെ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ചുമതലയേറ്റ ശേഷം ആദ്യമായാണ് പോലീസ് മേധാവി കാഞ്ഞങ്ങാട്ടെത്തിയത്. നേരത്തെ കാസർകോട്ട് ഏഎസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാസർകോട്ടെ ആദ്യത്തെ വനിതാ ജില്ലാ പോലീസ് മേധാവിയാണ് ബംഗളൂരു സ്വദേശിയായ ഡി. ശിൽപ്പ. ഇംഗ്ലീഷും, കന്നടയും, മലയാളവും നന്നായി സംസാരിക്കുകയും, വായിക്കുകയും ചെയ്യും. പോലീസ് സ്റ്റേഷൻ ലോക്കപ്പും, ആയുധപ്പുരയും രേഖകൾ സൂക്ഷിച്ച മുറിയും, കമ്പ്യൂട്ടർ മുറിയും മറ്റും പോലീസ് മേധാവി പരിശോധിച്ചു. ഡിവൈഎസ്പി, പി.കെ. സുധാകരൻ, ഐപി, കെ.വിനോദ്കുമാർ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ എന്നിവരുമായി ശിൽപ്പ ആശയ വിനിമയം നടത്തി. 5 മണിക്ക് സ്റ്റേഷനിലെത്തി രാത്രി 8 മണിക്ക് ഔദ്യോഗിക വാഹനത്തിൽ  കാസർകോട്ടേക്ക് മടങ്ങി.

LatestDaily

Read Previous

സാനിയ നാടൻ പാട്ടുകാരി; അശ്വിൻ വീടുവിട്ടു

Read Next

ബഷീർ വെള്ളിക്കോത്തിന്റെ ശബ്ദസന്ദേശത്തിനെതിരെ വി.പി.പി മുസ്തഫ