അനധികൃതമാണെന്ന് അറിഞ്ഞിട്ടും ഫുട്ബോൾ ടർഫ് മന്ത്രി തുറന്നു

കാഞ്ഞങ്ങാട്: തീർത്തും അനധികൃതമായി ഗ്രാമപഞ്ചായത്തിനെ കബളിപ്പിച്ച് നിർമ്മിച്ച അജാനൂർ പടിഞ്ഞാറേക്കരയിലെ ഫുട്ബോൾ ടർഫ് (മൈതാനം)ഇന്നലെ വൈകുന്നേരം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ടി.ശോഭ ആദ്ധ്യക്ഷം വഹിച്ചു. പത്മനാഭൻ പടിഞ്ഞാറെ വീട് പുല്ലൂർ, എന്ന പ്രവാസി,  ഗ്രാമ പഞ്ചായത്തിലെ വാർഡ് 14-ൽ ആധുനിക രീതിയിലുള്ള ഫുട്ബോൾ ടർഫ് പണിയാൻ 75 സെന്റ് ഭൂമി നികത്തി വൃത്തിയാക്കുന്നതിനുള്ള അപേക്ഷ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചത് 2021 ജനുവരി 20-നാണ്.

ഈ അപേക്ഷയ്ക്ക് ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണ സെക്ഷൻ  നൽകിയിട്ടുള്ള തപാൽ നമ്പർ 4293/21 ആണ്. അന്ന് പഞ്ചായത്തിൽ സേവനമനുഷ്ടിച്ചിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ വൈശാഖ് അപേക്ഷകന്റെ ഭൂമി പരിശോധിക്കുകയും, നിലം നികത്താനുള്ള അപേക്ഷ പരിഗണിച്ച് നിലം നികത്താൻ മാത്രമാണ് അനുമതി നൽകിയത്. സ്ഥലത്ത് 70 ഓളം കായ്ച്ച തെങ്ങുകൾ ഉണ്ടായിരുന്നത് വെട്ടിമാറ്റിയാണ് സ്ഥലം ഫുട്ബോൾ മൈതാനം നിർമ്മിക്കാൻ ഉടമ പാകപ്പെടുത്തിയത്.

16,380 രൂപ സ്ഥലം നികത്താൻ ഉടമ പത്മനാഭൻ ഗ്രാമപഞ്ചായത്തിൽ അടച്ചതിന്റെ രസീത് നമ്പർ 106689/2021 ആണ്. അസി.എഞ്ചിനീയറുടെ റിപ്പോർട്ടിന്റെ  ബലത്തിൽ 2021 മാർച്ച് 12-നാണ് സ്ഥലമുടമ പഞ്ചായത്തിൽ പണമടച്ചത്. ഈ പണം സ്ഥലം നിരപ്പാക്കാനുള്ള ഫീസ് മാത്രമാണ്. നിരപ്പാക്കി മാറ്റിയ സ്ഥലത്ത് പിന്നീട് ഉയരത്തിലുള്ള ഇരുമ്പ് റാക്കുകൾ സ്ഥാപിക്കുകയും, ഈ റാക്കിൽ ഫ്ലഡ് ലിറ്റ് വെളിച്ചങ്ങൾ സ്ഥാപിക്കുകയും ചെയ്തതിനു ശേഷവും, അതിന് മുമ്പും, ഈ ഫ്ലഡ് ലിറ്റ് ഫുട്ബോൾ മൈതാനം സംബന്ധിച്ച് യാതൊരു അപേക്ഷയും ഉടമസ്ഥൻ ഗ്രാമപഞ്ചായത്തിന് ഇന്നു വരെ നൽകിയിട്ടില്ല.

മണിക്കൂറിന് 5000 രൂപ നിരക്കിൽ രാത്രി കാലത്ത് ഫുട്ബോൾ- വോളി മത്സരങ്ങൾ  നടത്താൻ പാകത്തിൽ വൈദ്യുതി വെളിച്ചം സ്ഥാപിച്ച് ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകാൻ നിർമ്മിച്ച ഫുട്ബോൾ ടർഫിന്റെ  നികുതി ന്യായമായും ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ടതുണ്ടെങ്കിലും, ടർഫ് ഉടമ പത്മനാഭൻ പുല്ലൂർ ഈ നിയമങ്ങളെല്ലാം ഗ്രാമപഞ്ചായത്ത് അധികൃതരിൽ നിന്ന് ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ടാണ്  തീർത്തും അനധികൃതമായ ഈ ഫുട്ബോൾ ടർഫ് ഇന്നലെ മന്ത്രിയെ പൂർണ്ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഈ ഫുട്ബോൾ ടർഫിന് സ്ഥലം നികത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളുവെന്ന് ഗ്രാമപഞ്ചായത്ത് സിക്രട്ടറി എൻ.എം. അനിൽ, ഇതു സംബന്ധിച്ച ഫയലുകൾ, പരിശോധിച്ച ശേഷം ഇന്ന് ആവർത്തിച്ച് വെളിപ്പെടുത്തി. സ്ഥലം നികത്താൻ  നൽകിയ അനുമതി ഫുട്ബോൾ ടർഫ് നിർമ്മാണത്തിന് നൽകിയ അനുമതിയല്ലെന്നും സിക്രട്ടറി എൻ.എം.അനിൽ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. സ്ഥലം നികത്താൻ പഞ്ചായത്ത് അനുമതി സംമ്പാദിച്ച സ്ഥലമുടമ ചെയ്യേണ്ടിയിരുന്നത് സ്ഥലത്ത് ഫുട്ബോൾ ടർഫ് പണിയാനുള്ള പ്ലാനും സ്കെച്ചും പഞ്ചായത്തിന് സമർപ്പിച്ച ശേഷം,  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നൽകുന്ന അനുമതിയുടെ ബലത്തിൽ ടർഫ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും നമ്പർ ലഭിക്കാൻ ഒക്യുപേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയുമാണ്.

ചുരുക്കത്തിൽ സ്ഥലം നികത്താൻ ഗ്രാമപഞ്ചായത്ത് നൽകിയ അനുമതി ഫുട്ബോൾ ടർഫ് നിർമ്മിച്ച് കളി നടത്താനുള്ള അനുമതിയാണെന്ന് വർഷങ്ങളായി അബുദാബിയിലുള്ള പ്രവാസി  പുല്ലൂർ പത്മനാഭനും അറിഞ്ഞില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും കടുത്ത നിയമലംഘനവുമാണ്. താൻ എംഎൽഏ ആകുമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം കൊട്ടിഘോഷിച്ചു നടക്കുന്ന, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി.വി. രമേശനും ഇന്നലെ ഈ ടർഫ് ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ച് ലേറ്റസ്റ്റിനെതിരെ കല്ലുവെച്ച നുണകൾ മൈക്കിലൂടെ പുറത്തുവിടുകയും ചെയ്തു. 

അനധികൃത ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനത്തിൽ  അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭയും, വൈസ് പ്രസിഡന്റ് സിപിഎമ്മിലെ കെ. സബീഷും സംബന്ധിച്ചത് മറ്റൊരു സത്യപ്രതി്ഞാ ലംഘനമാണ്. ടർഫ് ഉദ്ഘാടനം ചെയ്ത മന്ത്രി ഇ. ചന്ദ്രശേഖരനും  കാര്യങ്ങൾ വേണ്ട വിധം അന്വേഷിക്കാതെയും പഠിക്കാതെയും  സത്യപ്രതിജ്ഞ  ലംഘിച്ചു.

LatestDaily

Read Previous

കോട്ടച്ചേരി മേൽപ്പാലം: ഗർഡറുകൾ ഉയർത്തുന്ന പ്രവൃത്തി നാളെ തുടങ്ങും

Read Next

പതിനായിരം രൂപയും സ്വർണ്ണവളയും ബാക്കിവെച്ച് വീട്ടുകാരോട് മോഷ്ടാവിന്റെ കരുണ