ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണമെന്ന ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, അഭയ് എസ് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2017 ൽ സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആയി ഉയർത്തിയിരുന്നു. ആയുഷ് വകുപ്പിലെ ഹോമിയോപ്പതി ഡോക്ടർമാർക്കും ഇതേ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടർമാരും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവോടെ ഒക്ടോബറിന് മുമ്പ് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കേണ്ടി വരും. ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രിബ്യൂണലിന്‍റെ ഉത്തരവ് റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് ശരിവച്ചത്. സർക്കാർ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ ഹർജിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

K editor

Read Previous

ദുൽഖർ സൽമാൻ ചിത്രം ‘സീതാരാമ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

Read Next

ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 63 ശതമാനം വർധനയെന്ന് കണക്കുകൾ