റിട്ട. ബാങ്ക് മാനേജരുടെ തിരോധാനം വിറങ്ങലിച്ച് ഒരു കുടുംബം

കാഞ്ഞങ്ങാട്: സർവ്വീസിൽ നിന്ന് പിരിഞ്ഞ ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് മാനേജർ അലാമിപ്പള്ളിയിലെ പി. വി. ബാലകൃഷ്ണന്റെ 64, തിരോധാനത്തിൽ വിറങ്ങലിച്ച് കഴിയുകയാണ് കുടുംബം.

ലക്ഷ്മിനഗർ തെരുവത്ത് പടിഞ്ഞാറെ വീട്ടിൽ ബാലകൃഷ്ണൻ അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ്ബ് പരിസരത്തുള്ള സ്വന്തം വീട്ടിൽ നിന്ന് അപ്രത്യക്ഷനായത് 2020 സപ്തംബർ 1-ന് പുലർച്ചെയാണ്.

നിത്യവും പുലർച്ചെ 6 മണിക്ക് അലാമിപ്പള്ളി വീട്ടിൽ നിന്ന് പാൽ വാങ്ങാൻ ബാലകൃഷ്ണൻ ആറങ്ങാടി ഹാജിറോഡിലുള്ള പാൽവിതരണ കേന്ദ്രത്തിൽ ചെല്ലാറുണ്ട്.

സപ്തംബർ 1-ന് പുലർകാലം വീട്ടുകാർ പതിവുപോലെ ഉണർന്നപ്പോൾ, പതിവിന് വിപരീതമായി അടുക്കള വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത് ഭാര്യ ഷീലയാണ്.

ഉദുമ നമ്പ്യാർ കീച്ചൽ സ്വദേശിനിയായ ഷീല ചെറുവത്തൂർ തപ്പാലാപ്പീസിൽ പോസ്റ്റ് വുമണാണ്.

ബാലകൃഷ്ണൻ പതിവായി കൊണ്ടുപോകാറുള്ള പാൽപ്പാത്രം അന്ന് കൊണ്ടുപോയിരുന്നില്ല.

കാലത്ത് പ്രഭാത സവാരിക്ക് പോയതാണെന്ന് കരുതിയെങ്കിലും, നേരം ഏറെയായിട്ടും ബാലകൃഷ്ണൻ വന്നില്ല. പാൽ സൊസൈറ്റിയിലും, ലക്ഷ്മിനഗറിലെ കുടുംബവീട്ടിലും അന്വേഷിച്ചുവെങ്കിലും, ഈ അറുപത്തിനാലുകാരൻ അവിടങ്ങളിലൊന്നും എത്തിയിരുന്നില്ല.

കാസർകോട് അണങ്കൂരിലുള്ള ഏക സഹോദരി ജാനകിയുടെ വീട്ടിൽ അന്വേഷിച്ചുവെങ്കിലും, അവിടെയും ബാലകൃഷ്ണൻ എത്തിയിരുന്നില്ല. ബാലകൃഷ്ണന്സെൽഫോൺ കണക്ഷൻ ഉണ്ടെങ്കിലും, പതിവായി ഉപയോഗിക്കാറില്ല. പോകുമ്പോൾ സെൽഫോൺ കൊണ്ടുപോയിട്ടില്ല.

“പനിയുണ്ട്. കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി” എന്നെഴുതിയ രണ്ട് കുറിപ്പുകൾ വീട്ടിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. സെൽഫോൺ പരിശോധിച്ചപ്പോൾ, അവസാനമായി വിളിച്ചത് പടന്നക്കാട്ട് താമസിക്കുന്ന റിട്ടയേർഡ് തഹസിൽദാർ ഭരതനെയാണ്.

ഭരതന്റെ ലണ്ടനിൽ ജോലിനോക്കുന്ന മകനും, ബാലകൃഷ്ണന്റെ മകൾ മാളവികയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതാണെങ്കിലും, കോവിഡ് രോഗവ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. വിദേശത്തുള്ള മൂത്തമകൻ ഋഷികേശിന്റെയും, മാളവികയുടെയും വിവാഹം ഒരുമിച്ച് നടത്താനുള്ള ആലോചനകൾക്കിടയിലാണ് ഏറെ ദുരൂഹത സൃഷ്ടിച്ചുകൊണ്ട് കുടുംബനാഥൻ ബാലകൃഷ്ണൻ അപ്രത്യക്ഷനായത്.

ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ആറങ്ങാടി ശാഖയിൽ മാനേജർ പദവിയിൽ നിന്ന് 2014 ലാണ് ബാലകൃഷ്ണൻ പിരിഞ്ഞത്.

അധികമാരോടും അടുത്തിടപെടുന്ന പ്രകൃതക്കാരനല്ല. മിതഭാഷിയാണ്. ലക്ഷ്മിനഗറിലെ ആദ്യകാല നെയ്ത്തുതൊഴിലാളി  അന്തരിച്ച പി. വി. കുഞ്ഞിക്കണ്ണന്റെയും നന്ദിനിയുടെയും മൂന്നുമക്കളിൽ മൂത്തയാളാണ്. മാതാവ് നന്ദിനി ജീവിച്ചിരിപ്പുണ്ട്.

ഇളയസഹോദരൻ ഗംഗാധരൻ കാഞ്ഞങ്ങാട് സബ്്രജിസ്ട്രാർ ഓഫീസിൽ ക്ലാർക്കാണ്. ഏകസഹോദരി ജാനകിയുടെ ഭർത്താവ് അണങ്കൂരിൽ ശ്രീദേവി പ്രിന്റിംഗ് പ്രസ്സ് നടത്തിവരുന്നു.

പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. വീട്ടുകാർ ബാലകൃഷ്ണനെ അന്വേഷിക്കാത്ത ഇടങ്ങളൊന്നും ഇനി ബാക്കിയില്ല. കോവിഡ് രോഗം ബാധിച്ചുവെന്ന സംശയത്താലായിരിക്കണം ബാലകൃഷ്ണൻ അദൃശ്യനായതെന്ന് കരുതുന്നു. കാരണം ” പനിയുണ്ട് കുടുംബത്തിന്റെ സുരക്ഷയ്ക്ക്” എന്നാണ് കുറിപ്പെഴുതി വെച്ചിട്ടുള്ളത്.

ബാലകൃഷ്ണൻ നിത്യവും പാൽ വാങ്ങാൻ  ചെല്ലാറുള്ള ആറങ്ങാടി പാൽ സൊസൈറ്റി പരിസരത്ത് ഒരു വീട്ടിൽ, കോവിഡ് സ്ഥിരീകരിച്ച വിവരം തിരോധാനത്തിന് രണ്ടുനാൾ മുമ്പ് ബാലകൃഷ്ണൻ വീട്ടിൽ പറഞ്ഞിരുന്നു.

കൈലിയും ഷർട്ടും ധരിച്ചാണ് ഈ റിട്ട. ബാങ്ക് മാനേജർ വീടുവിട്ടത്.

ടോർച്ച് കൊണ്ടുപോയിട്ടുണ്ട്. ഏടിഎം കാർഡും മറ്റും വീട്ടിൽ തന്നെയുണ്ട്. വിദേശത്തുള്ള മകൻ ഋഷികേശ് ഇന്ന് നാട്ടിലെത്തിയിട്ടുണ്ട്.

LatestDaily

Read Previous

സീറോഡ് പീഡനക്കേസിൽ കുടുക്കിയെന്ന് പ്രതിപ്പട്ടികയിലുള്ള കിന്റൽ മുഹമ്മദ്

Read Next

ചികിത്സയിലായിരുന്ന സി. പി. എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു