ഹോട്ടൽ അടപ്പിക്കാനെത്തിയ ബേക്കൽ എസ്ഐയെ ഉടമകൾ മർദ്ദിച്ചു, ഹോട്ടലുടമ അറസ്റ്റിൽ

ഭാര്യയുൾപ്പെടെ 10 പേർക്കെതിരെ കേസ്സ്

ബേക്കൽ: ബേക്കൽ ടൗണിൽ രാത്രി 10 മണിക്ക് ശേഷം തുറന്ന് പ്രവർത്തിച്ച ഹോട്ടൽ അടപ്പിക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ബേക്കൽ എസ്ഐ, സെബാസ്റ്റ്യന് സംഘർഷത്തിൽ പരിക്കേറ്റു. ഇദ്ദേഹം  ആശുപത്രിയിലാണ്. 10 പേർക്കെതിരെ കേസ്സെടുത്ത ബേക്കൽ പോലീസ് ഹോട്ടലുടമയുടെ ഭാര്യയെ കേസ്സിൽ പ്രതി ചേർത്തു.

ഇന്നലെ രാത്രി 10 മണിക്ക് ശേഷം തുറന്ന് പ്രവർത്തിച്ച ബേക്കലിലെ സീപാർക്ക് ഹോട്ടൽ അടപ്പിക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പാതിരാത്രി കഴിഞ്ഞും തുറന്ന് പ്രവർത്തിക്കുന്ന സീപാർക്ക് ഹോട്ടലുടമകൾക്ക് കട നേരത്തെയടക്കണമെന്ന് നിരവധി തവണ  പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് കാലത്ത് രാത്രി വൈകിയും കടകൾ തുറന്ന് പ്രവർത്തിക്കുന്നതും യുവാക്കൾ പാതിരാത്രി വരെ ഹോട്ടൽ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതും  ക്രമസമാധാന പ്രശ്നങ്ങൾക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കാരണമാകുമെന്ന് കടയുടെ ഉടമകൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

പോലീസിന്റെ നിർദ്ദേശം അവഗണിച്ച് തുറന്ന് പ്രവർത്തിച്ച ഹോട്ടൽ അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബേക്കൽ പോലീസ് പള്ളിക്കര പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയതിന് ശേഷവും ഹോട്ടലിന്റെ പ്രവർത്തനം പാതിരാത്രി വരെ നീണ്ടതിനെത്തുടർന്നാണ് പോലീസ് ഇന്നലെ രാത്രി കടുത്ത നടപടിയെടുത്തത്. സ്ഥലത്തെത്തിയ പോലീസ് ആവശ്യപ്പെട്ടിട്ടും ഹോട്ടലടക്കാൻ തയ്യാറാകാതെ വന്നതോടെ കടയുടെ പാർട്ണർമാരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതാണ്  സംഘർഷത്തിൽ കലാശിച്ചത്.

കടയുടമയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് മറ്റ് പാർടണർമാരും, ജീവനക്കാരും ചേർന്ന് ചെറുത്തും  തുടർന്നുണ്ടായ സംഘർഷത്തിൽ എസ്ഐ, സെബാസ്റ്റ്യന് മർദ്ദനമേറ്റു.ഇദ്ദേഹത്തെ കാസർകോട് ജനറൽ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കയ്യാങ്കളിയിൽ ചില പോലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു. പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലാണിതെന്ന് പോലീസ് പറഞ്ഞു.

കഞ്ചാവ്, മയക്കുമരുന്ന്, പൂഴി കടത്തുസംഘങ്ങൾ ഹോട്ടൽ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതായി  പോലീസ് പറഞ്ഞു. കോവിഡ് പടർന്ന് പിടിച്ചപ്പോഴും അർദ്ധരാത്രിയിൽ ഹോട്ടലിൽ ആൾ്ക്കൂട്ടം പതിവായിരുന്നു. ചെറുപ്പക്കാർ വീട് വിട്ട് പാതിരാത്രി ഹോട്ടൽ കേന്ദ്രീകരിച്ച് തമ്പടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കർശന നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പോലീസ് ബോധപൂർവ്വം അതിക്രമം കാട്ടുകയായിരുന്നുവെന്ന് ഹോട്ടലുടമകൾ പറഞ്ഞു.

ഹോട്ടൽ പാർട്ണറായ പള്ളിക്കരയിലെ റഷീദിനെ 45, പോലീസിനെ ആക്രമിച്ച കേസ്സിൽ ഇൻസ്പെക്ടർ യു. പി. വിപിൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷീദിനെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ശ്രമിച്ച  ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലും, ഹാരിസ് തുടങ്ങിയ  10 പേർക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ബേക്കൽ പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

വ്യാജ ഡോളർ തട്ടിപ്പു പ്രതികളെ കേന്ദ്ര ഇന്റലിജൻസ് ചോദ്യം ചെയ്തു

Read Next

14–ാം വാർഡിൽ ഒാവുചാലില്ല; റോഡ് തോടായി