ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജിജോ പുന്നൂസിന്‍റെ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജിജോയുടെ തന്നെ തിരക്കഥയിലാണ് മോഹൻലാൽ ചിത്രം ആരംഭിച്ചത്.
ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണ വേളയിൽ മോഹൻലാലിനെ സഹായിക്കാൻ ജിജോയും ഉണ്ടായിരുന്നു. എന്നാൽ കോവിഡ് മൂലം സിനിമ നിർത്തിവച്ച് പിന്നീട് വീണ്ടും തുടങ്ങിയപ്പോൾ തന്നെയും തന്‍റെ തിരക്കഥയെയും സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിജോ പുന്നൂസ്. നവോദയ സ്റ്റുഡിയോയുടെ വെബ്സൈറ്റിലെ ബ്ലോഗിലൂടെയാണ് ജിജോ ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ കുറിപ്പ്:
കോവിഡ് നിയന്ത്രണങ്ങള്‍ മാറിത്തുടങ്ങിയപ്പോള്‍ ചിത്രം പുനരാരംഭിക്കുന്നതിനെ കുറിച്ച് ക്രൂവിലെ പലരും എന്നോട് തിരക്കി. എന്നാല്‍ ആശിര്‍വാദ് സിനിമാസും ആന്‍റണി പെരുമ്പാവൂരും ആ ഘട്ടത്തില്‍ ഒടിടി ചിത്രങ്ങളിലേക്ക് നീങ്ങിയിരുന്നു. അന്നുണ്ടായിരുന്ന സാഹചര്യത്തില്‍ ബറോസ് ആദ്യം നിശ്ചയിച്ചിരുന്നതു പോലെ വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്നതിന് ആന്‍റണി പെരുമ്പാവൂര്‍ വിമുഖനായിരുന്നു. ചിത്രം നിര്‍ത്തിവെക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. നവോദയ സ്റ്റുഡിയോയില്‍ ചിത്രത്തിനായി തയാറാക്കിയ ട്രഷര്‍ സെല്ലാര്‍ സെറ്റുകള്‍ പൊളിക്കുന്നതിനായി ഹൈദരാബാദിലെ ബ്രോഡാഡി ലൊക്കേഷനില്‍ നിന്ന് ആന്‍റണി എന്നോട് ആവശ്യപ്പെട്ടു. ഒടിടി പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് നവംബര്‍ 2021ല്‍ ലാലുമോന്‍ (മോഹന്‍ലാല്‍) മുന്‍കൈയെടുത്തതു കൊണ്ടാണെന്നു തോന്നുന്നു ബറോസ് പുനരാരംഭിക്കാന്‍ ആശിര്‍വാദ് സിനിമാസ് ശ്രമം ആരംഭിച്ചു. വളരേ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്രത്തിന്‍റെ കഥമാറ്റാന്‍ തീരുമാനമായി. നേരത്തേ നിശ്ചയിച്ച വിദേശ താരങ്ങളെ വീണ്ടും കിട്ടുന്നതിനോ ഗോവയില്‍ പോലും ഷൂട്ട് ചെയ്യുന്നതിനോ അപ്പോള്‍ സാഹചര്യമുണ്ടായിരുന്നില്ല. മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കും മുമ്പ് മോഹന്‍ലാലിനുള്ള 4 മാസത്തില്‍ ബറോസ് പൂര്‍ത്തീകരിക്കാനായിരുന്നു ആശിര്‍വാദ് സിനിമാസ് തീരുമാനിച്ചത്. അങ്ങനെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഥയും തിരക്കഥയും താരങ്ങളും മാറ്റാമെന്ന് ധാരണയായി. 2021 ഡിസംബറില്‍ ലാലുമോന്‍ തന്നെ മുന്‍കൈയെടുത്ത് ടി.കെ രാജീവ്കുമാറുമായി ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കിത്തുടങ്ങി. ലാഭക്ഷമമായ ബജറ്റില്‍ കൊച്ചിയില്‍ നവോദയ സ്റ്റുഡിയോയില്‍ തന്നെ ചിത്രത്തിന്‍റെ ഏറിയ പങ്കും ചിത്രീകരിക്കാവുന്ന തരത്തിലായിരുന്നു ഇത്. പ്രോജക്റ്റ് രക്ഷപ്പെടുത്താനുള്ള വിവേകപൂര്‍ണമായ തീരുമാനമായാണ് ഇത് എനിക്ക് അനുഭവപ്പെട്ടത്. തന്‍റെ സമീപകാല ഹിറ്റ് ചിത്രങ്ങളുടെ ചുവടുപിടിച്ച് ആരാധകര്‍ക്ക് ചേരുംവിധത്തില്‍ തന്‍റെ കഥാപാത്രവും തിരക്കഥയും ലാലുമോന്‍ മാറ്റിയെടുത്തു. മലയാളി കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്ന നിലയിലേക്ക് ചിത്രത്തിന്‍റെ ഫോക്കസ് മാറിയെന്ന് എനിക്ക് മനസിലാക്കാനായി. 350ഓളം ചിത്രങ്ങളുടെ പരിചയത്തില്‍ ലാലുമോനത് ചെയ്യാനാകും (എന്‍റേത് വെറും 7 ചിത്രങ്ങളുടേതാണ്).പിന്നീട് ബറോസ് ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ ഞാന്‍ എന്‍റെ സഹോദരന്‍ ജോസ് മോന്‍ ഒരുക്കുന്ന വടക്കന്‍ പാട്ട് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതില്‍ സഹായിക്കാനായി ചെന്നൈയിലായിരുന്നു. 2022 ഏപ്രിലില്‍ ലാലുമോന്‍ ഗോസ്റ്റ് ബറോസ് ചുമരിലൂടെ നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിലെ സഹായത്തിനായി എന്നെ വിളിച്ചു. പുതുക്കിയ ബറോസില്‍ ഇത് മാത്രമാണ് എന്‍റെ പങ്കാളിത്തം.