നേതൃസ്ഥാനത്തേക്ക് വരാന്‍ വിമുഖത; രാജ്യസഭയിലേയ്ക്ക് ഒരവസരം കൂടി തേടി സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃസ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി വിമുഖത പ്രകടിപ്പിച്ചതായി സൂചന. രാജ്യസഭയിൽ ഒരവസരം കൂടി നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

രാജ്യസഭയിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാനാണ് സുരേഷ് ഗോപിക്ക് താൽപ്പര്യം. നോമിനേറ്റഡ് അംഗമെന്ന നിലയിൽ കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തിനായി താൻ ചെയ്ത കാര്യങ്ങൾ വിലയിരുത്തിയ ശേഷം തനിക്ക് ഒരവസരം കൂടി നൽകിയാൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ആരംഭിച്ച വികസന പദ്ധതികൾ പൂർത്തീകരിക്കാനാണ് മറ്റൊരു അവസരം തേടുന്നത്. കലാകാരൻ എന്ന നിലയിലുള്ള രാജ്യസഭാ സീറ്റാണ് സുരേഷ് ഗോപിയുടെ ആഗ്രഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം നാമനിർദ്ദേശം ചെയ്തത്. ഒരു കാരണവശാലും സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്ന് വിട്ടുപോകരുതെന്ന വാശിയിലാണ് ഇരുവരും. അതുകൊണ്ടാണ് 13 അംഗ കോർ കമ്മിറ്റി വിപുലീകരിക്കാൻ കേന്ദ്രനേതൃത്വം അനുമതി നൽകിയത്.

Read Previous

പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു; അപകടസ്ഥലത്ത് നിന്ന് മുങ്ങിയ ആൾ പിടിയില്‍

Read Next

പി.കെ ശശിക്കെതിരായ പരാതികൾ; സിപിഎം പ്രാദേശിക ഘടകങ്ങളിൽ ചര്‍ച്ച ചെയ്യും