ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പതാകകളിലും പേരിലും മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളാൻ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഇന്ന് ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തരത്തിൽ ഒരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും ലീഗ് കോടതിയെ അറിയിക്കും.
മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ, അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം. എന്നീ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിപ്രായം തേടിയിരുന്നു. മുസ്ലിം ലീഗിനെയും ഹിന്ദു ഏകതാ ദളിനെയും കേസിൽ കക്ഷിയാക്കാൻ പൊതുതാൽപര്യ ഹർജി നല്‍കിയിരുന്ന വാസിം റിസ്വിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർദേശം നൽകിയത്.
എന്നാൽ റിസ്വി കേസിൽ ലീഗിനെ കക്ഷിയാക്കിയില്ല. ഇതേതുടർന്നാണ് മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് കോടതിയിൽ ഹാജരായി ഹർജി തള്ളണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചത്. ലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരാകും. 1948 മുതൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. കേന്ദ്ര മന്ത്രിസഭയിലും കേരള മന്ത്രിസഭയിലും ലീഗിന് അംഗങ്ങളുണ്ടായിരുന്നു. നിലവിൽ ലോക്സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും അംഗങ്ങൾ ഉണ്ടെന്ന് ലീഗ് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.