കാമുകന്റെ റേഷൻ കാർഡിൽ യുവതിയെ ഉൾപ്പെടുത്തിയ പരാതി ജില്ലാ സപ്ലൈ ഓഫീസർ അന്വേഷിക്കാൻ മന്ത്രിയുടെ നിർദ്ദേശം

പരാതി പരിഹാര അദാലത്തിൽ തീരുമാനമായില്ല
 
കാഞ്ഞങ്ങാട് കാമുകനുൾപ്പെട്ട റേഷൻ കാർഡിൽ ഭർതൃമതിയെ ഉൾപ്പെടുത്തിയ പരാതിയിൽ അന്വേഷണം നടത്താൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദ്ദേശം നൽകി. പ്രവാസിയായ ഉപ്പിലിക്കൈയിലെ മനോജ്, കാഞ്ഞങ്ങാട്ട് നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ നൽകിയ പരാതി പരിഗണിച്ചാണ് ജില്ലാ സപ്ലൈ ഓഫീസറോട് പരാതിയിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മന്ത്രി ഉത്തരവിട്ടത്. 2020 ജൂൺ 24-ന് വയറിംഗ് തൊഴിലാളിയായ കാമുകൻ പുതുക്കൈ ചൂട്ടുവം സ്വദേശി നിധിനൊപ്പം ഒളിച്ചോടിയ മനോജിന്റെ ഭാര്യ രമ്യയെ 35, നിധിന്റെ ഭാര്യയായി റേഷൻ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു.

നിധിന്റെ മാതാവ് ഓമന ഗൃഹനാഥയായിട്ടുള്ള റേഷൻ കാർഡിൽ നിധിന്റെ ഭാര്യയായി രമ്യയെ ഉൾപ്പെടുത്തിയതിനെ തിരെ മനോജ്, ജില്ലാ സപ്ലൈ ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാവാത്തതിനെത്തുടർന്നാണ് മനോജ് അദാലത്തിൽ പരാതിയുമായെത്തിയത്. മനോജുമായുള്ള രമ്യയുടെ വിവാഹബന്ധം നില നിൽക്കുകയും വിവാഹ ബന്ധം നിയമ പ്രകാരം വേർപെടുത്താതിരിക്കുകയുമിരിക്കെ നിധിന്റെ ഭാര്യയാക്കി രമ്യയെ റേഷൻ കാർഡിൽ ചേർത്തതിനെയാണ് മനോജ് ചോദ്യം ചെയ്തത്.

അദാലത്തിൽ ഹാജരായ ഹോസ്ദുർഗ്ഗ് സപ്ലൈ ഓഫീസർ, സംഭവം സംബന്ധിച്ച് ലേറ്റസ്റ്റിൽ വന്ന വാർത്തയെ മന്ത്രി കടന്നപ്പള്ളിക്ക് മുന്നിൽ വെച്ച് മനോജിനോട് ചോദ്യം ചെയ്തു. പത്രത്തിൽ മനോജ് വാർത്ത കൊടുത്ത് ബുദ്ധിമുട്ടിക്കുകയും ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു മന്ത്രിക്ക് മുന്നിൽ സപ്ലൈ ഓഫീസറുടെ പരാതി. രമ്യയെ ഓമനയുടെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്താൽ മതിയോയെന്ന് അദാലത്തിൽ മന്ത്രി മനോജിനോട് ചോദിച്ചു. റേഷൻ കാർഡിൽ നിന്നും നീക്കുന്നതല്ല പ്രശ്നമെന്നും ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഒരു ഭർത്താവ് നില നിൽക്കെ മറ്റൊരാളെ രമ്യയുടെ ഭർത്താവാക്കി റേഷൻ കാർഡ് വഴി രേഖയായതിലാണ് നടപടി വേണ്ടതെന്ന മനോജിന്റെ ആവശ്യം പരിഗണിച്ചാണ് പരാതി ജില്ലാ സപ്ലൈ ഓഫീസർക്ക് വിട്ടു കൊണ്ട് മന്ത്രി ഉത്തരവിട്ടത്.

LatestDaily

Read Previous

മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ പോലീസുദ്യോഗസ്ഥർക്ക് മുഴുപ്പട്ടിണി

Read Next

തെക്കേക്കാട് സംഘർഷം : 10 പേർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ